വഴി നീളെ കരിങ്കൊടി, പ്രതിഷേധം: മുഖ്യമന്ത്രിക്ക് ജന്മനാട്ടിൽ സുരക്ഷ ഒരുക്കി പൊലീസും പാർട്ടിയും

Tuesday 14 June 2022 2:36 AM IST

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ വഴി നീളെ കരിങ്കൊടി പ്രതിഷേധമുയർത്തവെ, പൊലീസിന്റെ പഴുതടച്ച സുരക്ഷാസംവിധാനത്തിന് പുറമെ സി.പി.എമ്മും മുഖ്യമന്ത്രിക്ക് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കി.

അതേ സമയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു വ്യത്യസ്തമായി കണ്ണൂരിൽ ഇന്നലെ കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും വിലക്കുണ്ടായിരുന്നില്ല. മറ്റു ജില്ലകളിൽ ഈ നടപടി ഏറെ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണിത്. ഞായറാഴ്ച രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ തങ്ങാൻ തീരുമാനിച്ചെങ്കിലും, പ്രതിഷേധം ശക്തമാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റുകയായിരുന്നു.

രാവിലെ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ നേതൃത്വത്തിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ മുന്നിൽ വച്ച് സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തു. കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ.നായരുടെ മേൽനോട്ടത്തിൽ ജില്ലയിലെ 700 പൊലീസുകാരെ അണിനിരത്തിയാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. ചിലയിടങ്ങളിൽ സി.പി.എം പ്രവർത്തകർ പാർട്ടി പതാകയുമായി അഭിവാദ്യമർർപ്പിക്കാനെത്തി.

കണ്ണൂർ തളാപ്പിൽ യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കരിമ്പം കില കാമ്പസിലേക്ക് യൂത്ത്‌ ലീഗ് പ്രവർത്തകർ കറുത്ത കൊടിയേന്തി പ്രതിഷേധ മാർച്ച് നടത്തി. തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. വേദിക്ക് സമീപം പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കു നേരെ ലാത്തിവീശി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പിലെ പരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലെത്തി 12.30ന് ഓൺലൈനായി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാലാസംഗമം ഉദ്ഘാടനം ചെയ്ത ശേഷം, മൂന്നിന് വിമാന മാർഗം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

Advertisement
Advertisement