2445 കോടിക്ക് യുവതാരം ഹാളണ്ടിനെ സിറ്റി സ്വന്തമാക്കി, നോർവീജിയൻ ഫുട്ബാളർ ഇംഗ്ളണ്ടിലെത്തുന്നത് അഞ്ച് വർഷത്തെ കരാറിൽ

Monday 13 June 2022 9:11 PM IST

മാഞ്ചസ്റ്റർ: ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് നോർവീജിയൻ യുവതാരം ഏർലിംഗ് ഹാളണ്ട് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ ഒപ്പുവച്ചു. ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് 5 വർഷത്തെ കരാറിലാണ് 21 കാരനായ ഹാളണ്ടിനെ സിറ്റി അധികൃത‌ർ മാഞ്ചസ്റ്ററിൽ എത്തിച്ചിരിക്കുന്നത്.

ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ആകെ 300 മില്യൺ യൂറോയുടെ ( ഏകദേശം 2445 കോടി 85 ലക്ഷം ഇന്ത്യൻ രൂപ) കരാറിലാണ് ഹാളണ്ട് സിറ്റിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. താരത്തിന്റെ ശമ്പളവും ഏജന്റ് ഫീസും ബോണസും എല്ലാം ഇതിൽ ഉൾപ്പെടും. 2 വർഷം മുൻപാണ് ഓസ്ട്രിയൻ ക്ലബ് സാൽസ്ബുർഗിൽ നിന്ന് ഹാളണ്ട് ഡോർട്ട്മുണ്ടിൽ എത്തുന്നത്. 67 മത്സരങ്ങളിൽ നിന്ന് ഡോർട്ട്മുണ്ടിനായി 62 ഗോളുകൾ നേടി.

സെർജിയോ അഗ്യൂറോയ്ക്ക് ശേഷം ഒരു സ്ട്രൈക്കറുടെ അഭാവം അലട്ടുന്ന സിറ്റി അതിനുള്ള പരിഹാരമായാണ് ഹാളണ്ടിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. 2000 മുതൽ 2003വരെ ഹാളണ്ടിന്റെ പിതാവ് ആൽഫ് -ഇംഗെ സിറ്റിക്കായി കളിച്ചിട്ടുണ്ട്.

Advertisement
Advertisement