ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ:​ മന്ത്രി രാജീവ്

Tuesday 14 June 2022 12:00 AM IST

രാമനാട്ടുകര (കോഴിക്കോട്): 2022-23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണെന്നും ഒരു ലക്ഷം സംരംഭങ്ങൾ ഈ വർഷം തുടങ്ങുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. രാമനാട്ടുകരയിൽ അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിൽ സ്റ്റാൻ​ഡേ​ർഡ് ഡിസൈൻ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾ ബദലാകണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഈ വർഷം 21 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി.കോഴിക്കോട് കേന്ദ്രമാക്കി മലബാറിന്റെ വ്യവസായ വികസനത്തെ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

27 കോടി രൂപ ചെലവഴിച്ചാണ് 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആറുനില കെട്ടിട സമുച്ചയം നിർമിച്ചിരിക്കുന്നത്. അവസാനഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയാക്കി സംരംഭകർക്ക് സ്ഥലം അനുവദിച്ചുനൽകും. ഇതിനുള്ള നടപടികൾ പൂർത്തിയായി. ദേശീയപാതയ്ക്കരികിൽ രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം കിൻഫ്ര ഏറ്റെടുത്ത 77.76 ഏക്കർ സ്ഥലത്താണ് അഡ്വാൻസ്ഡ് ടെക്‌നോളജി പാർക്ക്. പൂർണമായും ഐ.ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളാണ് പാർക്കിൽ തുടങ്ങുക. തുടക്കത്തിൽ 1000 പേർക്ക് പ്രത്യക്ഷമായും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ വി.കെ.സി മമ്മത് കോയ, രാമനാട്ടുകര നഗരസഭാ ചെയർപേഴ്‌സസൺ ബുഷറ റഫീക്ക്, കൗൺസിലർമാരായ കെ.എം യമുന, സി.ഗീത, മുൻ നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ.ഡെപ്യൂട്ടി ചെയർമാൻ കെ.സുരേഷ് ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. രാധാഗോപി തുടങ്ങിയവർ പ്രസംഗിച്ചു. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് സ്വാഗതവും,കിൻഫ്ര ജനറൽ മാനേജർ ടി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement