ശക്തമാകാതെ കാലവർഷം: ഇതുവരെ പെയ്തത് 31.9 മില്ലീമീറ്റർ മഴ

Tuesday 14 June 2022 12:10 AM IST

79 ശതമാനം മഴ കുറവ്


പാലക്കാട്: കാലവർഷം ആരംഭിച്ച് 13 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴ ശക്തമായിട്ടില്ല. ഇന്ത്യൻ മെട്രോളജിക്കൽ സെന്ററിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്നു മുതൽ 13 വരെയുള്ള കാലയളവിൽ ജില്ലയിൽ 31.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. 155.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്. 79 ശതമാനമാണ് ജില്ലയിൽ മഴ കുറവ്. ഇതോടെ ഒന്നാംവിള നെൽകൃഷി ഇറക്കിയ കർഷകർ വലിയ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഈ കാലയളവിൽ 57 ശതമാനമാണ് മഴ കുറവ്. 251.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 108.7 മഴയാണ് ലഭിച്ചത്. അതേസമയം ഇത്തവണ 30 ശതമാനം അധിക വേനൽമഴയാണ് ജില്ലയിൽ ലഭിച്ചത്. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ ഒന്നാംവിളയ്ക്കു തയ്യാറാക്കിയ ഞാറുകൾ പൂർണമായും നശിക്കും. നിലവിൽ മൂപ്പെത്തിയ ഞാറുകൾ മഴ ഇല്ലാത്തതിനാൽ പറിച്ചു നടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജില്ലയിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ പറമ്പിക്കുളം, പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി മേഖലകളിൽ മാത്രമാണ് മഴ പെയ്തിട്ടുള്ളത്. ഇതിൽ മണ്ണാർക്കാടാണ് താരതമ്യേന കൂടുതൽ മഴ പെയ്തത്. 18.6 മില്ലീമീറ്റർ. പറമ്പിക്കുളം- 5മി.മീ, പാലക്കാട്- 3.6മി.മീ, പട്ടാമ്പി- 1.8മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. മറ്റ് മേഖലകളിലൊന്നും മഴ തീരെ ലഭിച്ചിട്ടില്ല.

Advertisement
Advertisement