സർവകലാശാല നിയമങ്ങൾ പരിഷ്‌കരിക്കണം: മുഖ്യമന്ത്രി

Tuesday 14 June 2022 1:36 AM IST

തളിപ്പറമ്പ് (കണ്ണൂർ): ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഘടന, ഉള്ളടക്കം, സർവകലാശാലനിയമങ്ങൾ, പരീക്ഷാസംവിധാനം എന്നിവ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസിൽ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം കേരളയുടെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമ്പോൾ പുതിയ കോഴ്‌സുകൾ, സിലബസ് പരിഷ്‌കരണം, ബോധന സമ്പ്രദായത്തിലെ മാറ്റം തുടങ്ങിയവ സംയോജിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.വി, ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. എം.പി മാരായ ഡോ. വി. ശിവദാസൻ, പി. സന്തോഷ് കുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, കെ.വി. സുമേഷ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളായി.

Advertisement
Advertisement