ഇടനിലക്കാരുടെ കടുംവെട്ട്, തക്കാളിക്ക് നൽകുന്നത് 5 രൂപ!

Tuesday 14 June 2022 1:37 AM IST

 വടകരപ്പതിയിലെ കർഷകർ ദുരിതത്തിൽ

പാലക്കാട്: ചോര നീരാക്കി തങ്ങൾ ഉത്പാദിപ്പിച്ച തക്കാളി വിപണിയിൽ 80 രൂപയ്ക്കുമേൽ വിറ്റഴിക്കുമ്പോൾ പാലക്കാട് വടകരപ്പതിയിലെ കർഷകർക്ക് ലഭിക്കുന്നത് കിലോയ്ക്ക് അഞ്ചു രൂപ! വിയർപ്പിന്റെ വിലപോലുമില്ല. കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാൻ 16 കൊല്ലം മുമ്പ് സ്ഥാപിച്ച 'ഉഴവർ ചന്ത' തുടക്കത്തിൽതന്നെ പൂട്ടിച്ച ഇടനിലക്കാരുടേതാണ് ഈ കടുംവെട്ട്. കുഴൽക്കിണറിലെ വെള്ളംകൊണ്ട് പച്ചക്കറി കൃഷിയിൽ നൂറുമേനി കൊയ്യുന്ന കാർഷിക ഗ്രാമമാണ് വടകരപ്പതി. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനാണ് 2006 ഡിസംബർ 29ന് വടകരപ്പതി, കോഴിപ്പാറ കുപ്പാണ്ടകൗണ്ടന്നൂരിൽ ഉഴവർ ചന്ത തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ 40 സെന്റ് സ്ഥലത്ത് കൃഷിവകുപ്പാണ് കോടികൾ മുടക്കി കെട്ടിടം ഉൾപ്പെടെ സജ്ജീകരിച്ചത്. തമിഴ്നാട് ചന്തയുടെ മാതൃകയിൽ കട മുറികൾ, സംഭരണ കേന്ദ്രം, പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ക്രമീകരിച്ചു. അന്നത്തെ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരായിരുന്നു ഉദ്ഘാടനം. എന്നാൽ, കേന്ദ്രം പിന്നീട് പ്രവർത്തിച്ചില്ല. ഇപ്പോൾ പഞ്ചായത്തിന്റെ മാലിന്യം വേർതിരിക്കൽ കേന്ദ്രം.

കൊള്ളലാഭം നഷ്ടമാകുമെന്നറിഞ്ഞ് ഇടനിലക്കാരാണ് ഇത് പൂട്ടിക്കാൻ ചരടുവലിച്ചത്. ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്താണ് ചന്ത ആരംഭിച്ചതെന്നും ആരോപണം. വാഹനസൗകര്യം കാര്യമായി ഇല്ലാത്ത ഇവിടേക്ക് പച്ചക്കറി എത്തിക്കാൻ പ്രയാസമായതും പൂട്ടുവീഴാൻ കാരണമായി.

 450 ഏക്കറിലേറെ കൃഷി

വടകരപ്പതിയിൽ 35 സംഘങ്ങളിലായി 400ഓളം കുടുംബങ്ങളാണ് 450 ഏക്കറിലേറെ സ്ഥലത്ത് പച്ചക്കറികൃഷി ചെയ്യുന്നത്. തക്കാളി, വെണ്ട, വഴുതന, മുളക്, പയർ, മത്തൻ, കുമ്പളങ്ങ, പാവൽ, പടവലം, പീച്ചിങ്ങ എന്നിവയാണ് പ്രധാന വിളകൾ. ആഴ്ചയിൽ 2 തവണ വിളവെടുക്കും. ഇടനിലക്കാർ ഇവ കർഷകരിൽ നിന്ന് തുച്ഛ വിലയ്ക്ക് വാങ്ങി വേലന്താവളത്തും തമിഴ്നാട്ടിലെ വിവിധ മാർക്കറ്റുകളിലുമെത്തിച്ച് കൊള്ള ലാഭം കൊയ്യുന്നു.

കൊഴിഞ്ഞാമ്പാറയിലും പൂട്ടി

തൊട്ടടുത്ത കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി പണിത ഉഴവർ ചന്തയും പ്രവർത്തിക്കുന്നില്ല. 2006 ഡിസംബർ മൂന്നിന് അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ഏതാനും നാളുകൾക്കകം പൂട്ടി.

Advertisement
Advertisement