മുഖ്യമന്ത്രി ജനരോഷത്തെ ഭയക്കുന്നു: കെ.സുരേന്ദ്രൻ

Tuesday 14 June 2022 1:40 AM IST

പത്തനംതിട്ട: ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ശക്തികേന്ദ്രവും സ്വന്തം വീടും കണ്ണൂരിലായിട്ടും അവിടെപ്പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവുന്നില്ല.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്ത് നടത്തിയതും കുടുംബം മുഴുവൻ പ്രതിസ്ഥാനത്താകുന്നതും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. എന്നാൽ, സ്വപ്നയുടെ മൊഴി പുറത്തു വന്നതോടെ കാര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു.

വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അഴിമതിക്കെതിരെ സംസാരിക്കാൻ അവകാശമില്ല. സതീശൻ രാവിലെ രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സമരം ചെയ്യും. വൈകുന്നേരം ഇ.ഡി പിണറായി വിജയനെ അറസ്റ്റുചെയ്യാത്തതിനെതിരെ സമരം ചെയ്യും. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സി.പി.എമ്മും ഒറ്റക്കെട്ടാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ എന്നിവർ പ്രസംഗിച്ചു.