വാഴപ്പഴത്തിനും മരച്ചീനിയ്ക്കും തീവില

Wednesday 15 June 2022 3:31 AM IST

കൊച്ചി: നേന്ത്രക്കായ അടക്കമുള്ള വാഴപ്പഴങ്ങളും മരച്ചീനിക്കും വില കുതിച്ചുയരുന്നു. ഏതാനും ദിവസംകൊണ്ട് മരച്ചീനിവില കിലോയ്ക്ക് 25 മുതൽ 27 രൂപ വരെ ഉയർന്നു. 10 മുതൽ 15 രൂപ വരെയാണ് നേന്ത്രക്കായയ്ക്ക് ഉയർന്നത്.

പാളയംകോടൻ, റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയ്ക്കും വില കൂടുന്നു. ഉത്പാദനം കുറഞ്ഞതും വിപണിയിൽ ക്ഷാമം നേരിടുന്നതുമാണ് വിലക്കയറ്റത്തിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു.

കാത്തിരിപ്പിന്റെ രണ്ടാണ്ട് രണ്ടുവർഷമായി മരച്ചീനിക്ക് വില കുറഞ്ഞുനിന്നത് കർഷകരെ വിളവിറക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നു. വിപണി സജീവമായപ്പോൾ രണ്ടുവർഷത്തെ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഒരു മാസം മുമ്പ് 15 രൂപയായിരുന്നു വില. ഇപ്പോൾ 40 രൂപ മുതൽ വിലയുണ്ട്. ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. മുവാറ്റുപുഴ, കോതമംഗലം, മലപ്പുറം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് മരച്ചീനി കൂടുതലായി വരുന്നത്. കൊവിഡ് കാലത്ത് 12 രൂപയായിരുന്നു വില. ഇടത്തരം മരച്ചീനിക്കുപോലും 40-45 രൂപാ വരെ ഇപ്പോൾ വിലയുണ്ട്.

പഴവിപണി വില

(കഴിഞ്ഞവർഷത്തെയും ഇപ്പോഴത്തെയും മൊത്ത, ചില്ലറവിലകൾ)

മൊത്ത, ചില്ലറവില (₹)

 നേന്ത്രപ്പഴം 40-45, 58, 70

 പാളയംകുടൻ- 20-22, 40, 80

 റോബസ്റ്റ- 17, 32, 40

 ഞാലിപ്പൂവൻ- 45, 70, 80

''കൃഷി കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. മേയിൽ പെയ്ത മഴയിൽ വാഴക്കൃഷി വ്യാപകമായി നശിച്ചു. വയനാട്ടിൽ നിന്നാണ് ഇപ്പോൾ പഴങ്ങൾ എത്തുന്നത്. തമിഴ്നാട്ടിൽ സീസൺ കഴിഞ്ഞു. മേട്ടുപാളയത്തു നിന്ന് ഒരു മാസത്തിനുള്ളിൽ എത്തും. മൈസൂരിൽ നിന്ന് പഴം അടുത്തമാസത്തോടെ എത്തിയേക്കും""

എൽ.എ.ബോണി,​

വൈസ് പ്രസിഡന്റ്.

എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ