സംഘർഷത്തിന് അയവില്ല, കന്റോൺമെന്റ് ഹൗസിൽ കടന്നുകയറി ഡി.വൈ.എഫ്.ഐക്കാർ

Wednesday 15 June 2022 12:54 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്തെത്തിയതോടെ ഇന്നലെയും സംസ്ഥാനത്ത് വ്യാപക സംഘർഷം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് നടത്തിയ ഡി.വൈ.എഫ്.ഐ മാർച്ചിനിടെ പൊലീസ് സന്നാഹം മറികടന്ന് മൂന്ന് പ്രവർത്തകർ ഉള്ളിൽ കടന്നു. ഇവരിലൊരാളെ ജീവനക്കാർ പിടിച്ചുവച്ച് പൊലീസിൽ ഏൽപ്പിച്ചു. പ്രതിപക്ഷ നേതാവ് ഇന്നലെ തലസ്ഥാനത്തുണ്ടായിരുന്നില്ല. ആയുധങ്ങളുമായി കൊല്ലുമെന്ന്‌ പറഞ്ഞാണ് പ്രവർത്തകർ അതിക്രമിച്ച് കയറിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. മാർച്ചിനിടെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കൊടികളും ബാനറുകളും തകർത്തു.

തൊടുപുഴയിൽ കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന്റെ കണ്ണിന് മാരകമായി പരിക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്ക് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മറ്റു നാല് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

കൊല്ലം കളക്ടറേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിനുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി,​ സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അടക്കം 32 പേർക്ക് പരിക്കേറ്റു. കല്ലേറിൽ ഒരു എസ്.ഐയ്ക്കും രണ്ട് പൊലീസുകാർക്കും പരിക്കുണ്ട്.

കോഴിക്കോട്ട് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കെ.പി.സി.സി ഓഫീസിനുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്നലെ കരിദിനം ആചരിച്ചു.

തിരുവനന്തപുരത്ത് വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ നവകേരള വികസന ശില്‌പശാല ഉദ്ഘാടനം ചെയ്യാൻ ക്ലിഫ് ഹൗസിൽ നിന്നുംപോയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കറുത്ത സാരിയണിഞ്ഞെത്തി പ്രതിഷേധിച്ച രണ്ട് മഹിള മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ക്ലിഫ് ഹൗസിലേക്കുളള പലവഴികളിൽ നിന്ന് എട്ട് മഹിള മോർച്ച പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. കുണ്ടമൺകടവിൽ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാട്ടി. പേയാട് മുഖ്യമന്ത്രിയുടെ കാറിന് നേരെ പ്രതിഷേധക്കാർ ചീമുട്ടയെറിഞ്ഞു. മുഖ്യമന്ത്രിയുടെ മടക്കയാത്രയിൽ വിളപ്പിൽശാല പൊലീസ് സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

Advertisement
Advertisement