സ്ഥിരനിക്ഷേപ, വായ്പാപലിശനിരക്കുകൾ ഉയർത്തി എസ്.ബി.ഐ

Wednesday 15 June 2022 12:09 AM IST

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യപലിശനിരക്ക് ഉയർത്തിയതിന് പിന്നാലെ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ സ്ഥിരനിക്ഷേപ, വായ്പാപലിശനിരക്കുകൾ ഉയർത്തി. മൂന്നുവർഷത്തിൽ താഴെ കാലാവധിയുള്ള, രണ്ടുകോടിരൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 0.20ശതമാനം ഉയർത്തിയതായി എസ്.ബി.ഐ അറിയിച്ചു. പുതുക്കിയപലിശനിരക്കുകൾ 2022 ജൂൺ 14മുതൽ നിലവിൽവന്നു.

211ദിവസം മുതൽ ഒരുവർഷത്തിൽ താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40ശതമാനത്തിൽനിന്ന് 4.60ശതമാനമാക്കി. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 4.90ശതമാനത്തിൽനിന്ന് 5.10ശതമാനമാക്കിയും ഉയർത്തിയിട്ടുണ്ട്. ഒരുവർഷംമുതൽ രണ്ടുവർഷത്തിൽ താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.30ശതമാനവും, ഈ വിഭാഗത്തിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 5.80ശതമാനവുമാക്കി. രണ്ടുവർഷംമുതൽ മൂന്നുവർഷത്തിൽതാഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.35ശതമാനവും ഈ വിഭാഗത്തിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 5.85ശതമാനവുമാക്കിയാണ് ഉയർത്തിയിട്ടുള്ളത്.