കോൺ. നേതാക്കളെ അപായപ്പെടുത്താൻ ബോധപൂർവമായ ശ്രമം: കെ. സുധാകരൻ

Wednesday 15 June 2022 12:07 AM IST
k sudhakaran

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും എ.കെ ആന്റണിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താൻ സി.പി.എം ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ആന്റണി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടാണ്.

സി.പി.എം ഗുണ്ടകൾ കെ.പി.സി.സി ഓഫീസ് തല്ലിത്തകർത്ത് 24 മണിക്കൂർ കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐക്കാർ അതിക്രമിച്ച് കയറിയത്. കന്റോൺമെന്റ് ഹൗസിന് സുരക്ഷയേർപ്പെടുത്താത്ത പൊലീസ്, സി.പി.എം ഗുണ്ടകൾക്ക് കുടപിടിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്‌.ഐ ഗുണ്ടകൾ എത്തിയത്. ഡി.വൈ.എഫ്.ഐ- സി.പി.എം ക്രിമിനലുകളെ നിലയ്ക്കു നിറുത്താൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ കന്റോൺമെന്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിൽ അധിക ദൂരമില്ലെന്നോർക്കുന്നത് നല്ലതാണ്.

വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ.പി. ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവർക്ക് കോൺഗ്രസ് നിയമസഹായം നൽകും. ഇവർ മദ്യപിച്ചിരുന്നുവെന്ന് പച്ചക്കള്ളം പറഞ്ഞ ഇ.പി. ജയരാജനും സി.പി.എമ്മും മാപ്പുപറയണം.

എ.കെ.ജി സെന്ററിൽ നിന്നുള്ള ആജ്ഞയനുസരിച്ചാണ് സി.പി.എം പ്രവർത്തകരുടെ തേർവാഴ്ച.

Advertisement
Advertisement