സ്വപ്‌നക്കെതിരായ ഗൂഢാലോചനക്കേസ് : ജലീലിന്റെ പരാതിയുടെ പകർപ്പ് വേണം

Wednesday 15 June 2022 12:33 AM IST

ഹൈക്കോടതി നിർദ്ദേശം

കൊച്ചി: സ്വർണക്കടത്തു കേസിലെ വെളിപ്പെടുത്തലുകളുടെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കാൻ സ്വപ്‌ന സുരേഷ് നൽകിയ ഹർജിയിൽ മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയുടെ പകർപ്പും പ്രഥമവിവര മൊഴിയും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. സർക്കാരിന്റെ വിശദീകരണവും തേടിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ ഹർജി ജൂൺ 21ലേക്കു മാറ്റി.

സർക്കാരിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും മാദ്ധ്യമങ്ങളിലൂടെ ലഹളയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്‌ണരാജ് കോടതിയിൽ വ്യക്തമാക്കി.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്ന് സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി.

പ്രഥമ വിവര മൊഴിയുടെയും പരാതിയുടെയും പകർപ്പ് വേണമെന്നും ഇതുകൂടി പരിഗണിച്ച് വാദം കേൾക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അപകീർത്തിപ്പെടുത്തുന്നതാണ് സ്വപ്നയുടെ പരാമർശമെന്നും വ്യാജപ്രചാരണമാണിതെന്നും കാട്ടി മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കെ.ടി ജലീൽ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നതു തടയാനാണ് തനിക്കെതിരെ കേസെടുത്തതെന്നും സ്വപ്‌നയുടെ ഹർജിയിൽ ആരോപിച്ചിരുന്നു.

Advertisement
Advertisement