ശബരിമല നടതുറന്നു
Wednesday 15 June 2022 12:34 AM IST
ശബരിമല : മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീകോവിൽ നടതുറന്നു. ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിച്ച ശേഷം പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നിപകർന്നു. തുടർന്ന് ഭക്തർ പതിനെട്ടാം പടികയറി ദർശനം നടത്തി. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. എല്ലാ ദിവസവും പതിവ് അഭിഷേകം, നെയ്യഭിഷേകം, ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. 19 ന് രാത്രി 10 ന് നട അടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനത്തിനൊപ്പം നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.