സ്വപ്‌നയുടെ അഭിഭാഷകന്റെ ജാമ്യാപേക്ഷ: പൊലീസിനോട് വിശദീകരണം തേടി കോടതി

Tuesday 14 June 2022 11:38 PM IST

കൊച്ചി: ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ടെന്ന കേസിൽ സ്വപ്‌നയുടെ അഭിഭാഷകൻ ആർ. കൃഷ്‌ണരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന്റെ വിശദീകരണം തേടി. ഹർജി നാളെ വീണ്ടും പരിഗണിക്കും.

ഹൈക്കോടതി അഭിഭാഷകൻ വി.ആർ. അനൂപിന്റെ പരാതിയിലാണ് കൃഷ്ണരാജിനെതിരെ കേസെടുത്തത്. മുസ്ളിം വേഷധാരിയായ ഒരാൾ കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്ന ചിത്രവും കുറിപ്പും മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തെന്നാണ് പരാതി.

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയ്ക്കു വേണ്ടി ഹാജരാകുന്നതു തടയാനാണ് കള്ളക്കേസിൽ കുടുക്കുന്നതെന്ന് കൃഷ്‌ണരാജ് ഹർജിയിൽ പറഞ്ഞു. പരാതിയിൽ പറയുന്ന ചിത്രമെടുത്തതോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോ താനല്ല. പരിഹാസരൂപേണയുള്ള വിമർശനക്കുറിപ്പാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും കൃഷ്‌ണരാജ് ചൂണ്ടിക്കാട്ടി.