എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

Wednesday 15 June 2022 12:41 AM IST

പത്തനംതിട്ട : വിവിധ കാരണങ്ങളാൽ 2000 ജനുവരി മുതൽ കഴിഞ്ഞ മാർച്ച് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരിക്കുന്നവർക്കും രജിസ്‌ട്രേഷൻ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റർ ചെയ്തവർക്കും തനത് സീനിയോറിറ്റി നിലനിറുത്തി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാവാതെ മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വിടുതൽ ചെയ്തവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂർവമല്ലാത്ത കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ ബന്ധപ്പെട്ട രേഖകൾ യഥാസമയം ഹാജരാക്കുവാൻ കഴിയാതെ സീനിയോരിറ്റി നഷ്ടമായവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയിൽ നിയമനം ലഭിച്ച വിടുതൽ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്കും ആനുകൂല്യം നൽകി സീനിയോറിറ്റി പുനസ്ഥാപിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. പുതുക്കുന്നതിനുള്ള അപേക്ഷകൾ 30 വരെ ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സ്വീകരിക്കും. സീനിയോറിറ്റി പുനസ്ഥാപിച്ച് കിട്ടുന്നവർക്ക് ഈ കാലയളവിലെ തൊഴിൽ രഹിത വേതനം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പുതുക്കാമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.