ആർ.എസ്.പി കളക്ടറേറ്റ് മാർച്ചിൽ ടിയർ ഗ്യാസും ലാത്തിച്ചാർജ്ജും

Wednesday 15 June 2022 1:12 AM IST

 എൻ.കെ. പ്രേമചന്ദ്രനടക്കം 32 പേർക്ക് പരിക്ക്

 പൊലീസിന് നേരെ ചീമുട്ടയേറ്

കൊല്ലം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിന് പുറമേ ലാത്തിച്ചാർജ്ജും നടത്തി. ലാത്തിച്ചാർജ്ജിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അടക്കം 32 ആർ.എസ്.പി പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ചിനിടയിൽ നിന്ന് പൊലീസിന് നേരെ ചീമുട്ടയേറുമുണ്ടായി.

ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്ന് പ്രകടനമായെത്തിയ ആർ.എസ്.പി പ്രവർത്തകർ കളക്ടറേറ്റ് കവാടത്തിന് മുന്നിലെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് റൗണ്ട് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ പിന്തിരിഞ്ഞ പ്രവർത്തകർ വീണ്ടും മടങ്ങിയെത്തി ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.

പിന്തിരിയാതെ നിന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നേരെ അസഭ്യവർഷം നടത്തിക്കൊണ്ടായിരുന്നു ലാത്തിച്ചാർജ്ജ്. അടിയേറ്റ് നിലത്തുവീണ എം.പിയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമം തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. എം.പിയുടെ മുതുകിനും കാലിനും സാരമായി പരിക്കേറ്റു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും ലാത്തിച്ചാർജ്ജിൽ നിലത്തുവീണു. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വടക്കേവിള ബാബു, ആർ.വൈ.എഫ് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ബിജു ഷംസുദ്ദീൻ എന്നിവരുടെ തലയ്ക്ക് പൊട്ടലേറ്റു. ആർ.എസ്.പി ഭരണിക്കാവ് ബ്രാഞ്ച് സെക്രട്ടറി ഡി.രാജ്കുമാർ, ആർ.വൈ.എഫ് നേതാവ് ഷെമീർ ചാത്തിനാംകുളം എന്നിവരുടെ കൈയൊടിഞ്ഞു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കോക്കാട്ട് റഹീം, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ദേശീയ ജോ. സെക്രട്ടറി പുലത്തറ നൗഷാദ്, ജില്ലാ സെക്രട്ടറി ഫെബി സ്റ്റാൻലി, പ്രസിഡന്റ് സുഭാഷ്.എസ്.കല്ലട, കൊല്ലം മണ്ഡലം സെക്രട്ടറി റഫീക്ക് വെട്ടുവിള, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രദീപ് കണ്ണനല്ലൂർ, രതീഷ് കുണ്ടറ തുടങ്ങിയവർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ലാത്തിച്ചാർജ്ജിന് ശേഷവും മടങ്ങിയെത്തി പ്രതിഷേധിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ മാദ്ധ്യമ പ്രവർത്തകർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി.

എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക് ആർ.എസ്.പി മാർച്ചിനിടെ ഉണ്ടായ കല്ലേറിൽ പള്ളിത്തോട്ടം സ്റ്റേഷനിലെ എസ്.ഐ സുകേഷിനും എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 150 ആർ.എസ്.പി പ്രവർത്തകർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

Advertisement
Advertisement