കോൺ. സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമം

Wednesday 15 June 2022 1:30 AM IST

കൊല്ലം: മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് സി.പി.എമ്മും പൊലീസും ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനം, ജില്ലയിലെ കോൺഗ്രസ് ഓഫീസുകൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെയും വീടുകൾ എന്നിവയ്ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള കരിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിന്നക്കടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. രമണൻ അദ്ധ്യക്ഷനായി. നേതാക്കളായ ബിന്ദുകൃഷ്ണ, എ.കെ.ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, കല്ലട രമേശ്, എസ്.വിപിനചന്ദ്രൻ, അൻസർ അസീസ്, എം.എം.സഞ്ജീവ് കുമാർ, എൻ.ഉണ്ണിക്കൃഷ്ണൻ, വാളത്തുംഗൽ രാജഗോപാൽ, കൃഷ്ണവേണി ശർമ്മ, ആദിക്കാട് മധു, യു.വഹീദ, കോതേത്ത് ഭാസുരൻ, ഡി.ഗീതാകൃഷ്ണൻ, എസ്.നാസർ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.ബി.ഷഹാൽ, എം.എ.റഷീദ്, എസ്.ശിവപ്രസാദ്, കടപ്പാക്കട സന്തോഷ്, മോഹൻബോസ്, മരിയാൻ, ഉദയ തുളസീധരൻ, സുബി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ 22 ബ്ലോക്കിലും കരിദിനാചരണം നടത്തി.