സ്വപ്ന ക്ലിഫ് ഹൗസിൽ വന്നത് ഔദ്യോഗിക ആവശ്യത്തിന്; ആരോപണത്തിന് മറുപടിയായി വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

Wednesday 15 June 2022 12:06 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയായി വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക കാര്യങ്ങൾക്കായി സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13ന് നടന്ന വാർത്താസമ്മേളനത്തിന്റെ വീഡിയോയാണിത്.

കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവരെ പരിചയമെന്ന് നേരത്തേ പറ‌ഞ്ഞിട്ടുണ്ടെന്നാണ് വീഡിയോയിൽ മുഖ്യമന്ത്രി പറയുന്നത്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തൊക്കെ ഇവർ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്.

തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ,മകൻ എന്നിവർക്കൊപ്പം ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുമ്പോൾ എല്ലാം ഓർമിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിലും ക്രിമിനൽ നടപടിക്രമ പ്രകാരം കോടതിയിൽ നൽകിയ രഹസ്യമൊഴി മുതിർന്ന സിപിഎം നേതാവ് ചോർത്തിയെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു.