കയർമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ദ്ധസമിതി

Thursday 16 June 2022 3:06 AM IST

ആലപ്പുഴ: കയർമേഖലയിലെ പ്രതിസന്ധി പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ മേഖലയിലെ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗം തീരുമാനിച്ചു. കയർ തൊഴിലാളികൾക്കുള്ള വരുമാന പൂരകപദ്ധതി (ഇൻകം സപ്പോർട്ട് സ്‌കീം) പ്രകാരമുള്ള ധനസഹായം, കയർ സംഘങ്ങൾക്കുള്ള പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവ്, വിപണി വിപുലീകരണ ഫണ്ട് എന്നിവ ഉടൻ വിതരണം ചെയ്യുമെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു.

കയർസംഘം ജീവനക്കാർക്കുള്ള മാനേജീരിയൽ സബ്സിഡിയും സംഘങ്ങൾക്കുള്ള പ്രവർത്തന മൂലധനവും വൈകാതെ നൽകും. ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനുമുള്ള സർക്കാരിന്റെ പരിശ്രമത്തെ ട്രേഡ് യൂണിയനുകൾ പിന്തുണച്ചു.
അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർ വികസന ഡയറക്ടർ വി.ആർ.വിനോദ്, കയർ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

കേന്ദ്ര ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എസ്.എൽ.സജികുമാർ, ആർ.സുഭാഷ്, കെ.കരുണാകരൻ (സി.ഐ.ടി.യു), പി.വി.സത്യനേശൻ, എം.കെ.ശ്രീമോൻ (എ.ഐ.ടി.യു.സി), എ.കെ.രാജൻ, രാജേന്ദ്രൻ, പനത്തുറ പുരുഷോത്തമൻ (ഐ.എൻ.ടി.യു.സി), രമേശൻ (യു.ടി.യു.സി), സലിം (ടി.യു.സി.ഐ) എന്നിവർ സംസാരിച്ചു.

മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേരള കയർ വർക്കേഴ്സ് സെന്റർ നടത്താനിരുന്ന സമരപരിപാടികൾ മാറ്റിവച്ചതായി കയർ വർക്കേഴ്സ് സെന്റർ ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ പറഞ്ഞു.

Advertisement
Advertisement