കല്ലുപാലം 'നാടക'ത്തി​ൽ പുതി​യ രംഗം... കള്ളപ്പണി​ കരാറുകാരൻ ഔട്ട്!

Thursday 16 June 2022 12:59 AM IST

കൊല്ലം: കല്ലുപാലം നിർമ്മാണത്തിൽ വീഴ്ച വരുത്തി​യ കരാറുകാരന് അർഹി​ക്കുന്ന ശി​ക്ഷ നൽകാതെ കരാറി​ൽ നി​ന്ന് ഒഴി​വാക്കി​ പുതി​യ നാടകം. നിർമ്മാണം മാസങ്ങളോളം മുടങ്ങിക്കിടന്നിട്ടും കരാർ റദ്ദാക്കാൻ തയ്യാറാകാതിരുന്ന ജനപ്രതിനിധി, ഉദ്യോഗസ്ഥ സംഘത്തിന്റെ ഈ നീക്കത്തിനു പിന്നിൽ കരാറുകാരനെ സംരക്ഷിക്കാനും പാലത്തി​നായി​ കൂടുതൽ തുക അനുവദി​പ്പി​ക്കാനുമുള്ള ഗൂഢാലോചനയാണെന്ന് ആരോപണമുണ്ട്.

നിർമ്മാണം 30 ശതമാനം ശേഷിക്കേ പെരുപ്പിച്ച എസ്റ്റിമേറ്റ് പ്രകാരമുള്ള കരാർ തുകയുടെ 70 ശതമാനത്തോളം ഇതിനോടകം കരാറുകാരന് നൽകിയിട്ടുണ്ട്. ഇയാൾ സമർപ്പിച്ച ലക്ഷങ്ങളുടെ ബില്ല് കൂടി വൈകാതെ മാറി നൽകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കൽ നാടകമെന്നറിയുന്നു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ യഥാർത്ഥ കരാർ തുകയെ കവച്ചുവച്ച് ലക്ഷങ്ങൾ ഇനിയും ചോർത്തിയെടുക്കാനാണ് നീക്കം.

കല്ലപാലം നിർമ്മാണത്തിന്റെ നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടറാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നോ നാളെയോ കരാറുകാരന് രജിസ്റ്റേർഡ് തപാലിൽ അറിയിപ്പ് നൽകിയേക്കും. ബഹുനില കെട്ടിടങ്ങൾ മാത്രം നിർമ്മിച്ച് പരിചയമുള്ള തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാട്രക്ചറി​ലെ ജോർജാണ് കരാറുകാരൻ. പുതി​യ കരാറി​ന് വകുപ്പ് തല നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അപ്പ്രോച്ച് റോഡ്, സംരക്ഷണ ഭിത്തി നിർമ്മാണം, നടപ്പാത, ഭാര പരിശോധന, ടാറിംഗ് എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. അടങ്കൽ തുകയായ 5 കോടിയിൽ ഏകദേശം 3.5 കോടി കരാറുകാരൻ കൈപ്പറ്റി​.

# പണി​ നീളും, പണി​ പാളും!

പുതിയ കരാർ നൽകാനുള്ള കടമ്പകളിൽ കുരുങ്ങി നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീളാൻ സാദ്ധ്യതയുണ്ട്. ഒഴി​വാക്കപ്പെട്ട കരാറുകാരൻ കോടതിയെ സമീപിച്ചേക്കുമെന്നും അറി​യുന്നു. ഇതോടെ, ഓണവിപണി തുടങ്ങും മുമ്പ് പാലം പണി പൂർത്തിയാകുമെന്ന പ്രതീക്ഷ പാലത്തിന്റെ ഇരുകരകളിലുമുള്ള വ്യാപാരികൾക്ക് നഷ്ടമായി.

# പാലമിളകിയ പാത

1. 2019 ഒക്ടോബർ മുതൽ ഒരു വർഷത്തെ കാലാവധി

2. 2020 ഒക്ടോബർ വരെ പൂർത്തിയായത് 16ൽ 7 പൈലുകൾ

3. കരാറുകാരനുമായി നടത്തിയ വകുപ്പുതല കൂടിക്കാഴ്ചകൾ 19

4. കരാർ നീട്ടി നൽകിയത് 15 തവണ

5. ഒടുവിൽ പറഞ്ഞത് മേയ് അവസാനവാരം പാലം തുറക്കും

കല്ലുപാലം അനന്തമായി നീളുന്നതിൽ കൃത്യമായ വിശദീകരണം നൽകാനോ പണികൾ എന്ന് പൂർത്തീകരിക്കുമെന്ന് വ്യക്തത വരുത്താനോ കഴിയാത്തതിനാലാണ് കരാറുകാരനെതിരെ നടപടി സ്വീകരിക്കേണ്ട അവസ്ഥയുണ്ടാക്കിയത്. തുടർ പണികൾ വേഗത്തിലാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്

ജോയി ജനാർദ്ദനൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, ഉൾനാടൻ ജലഗതാഗത വകുപ്പ്

Advertisement
Advertisement