കവിതയിലൂടെ കുമാരനാശാൻ സമൂഹത്തെ മാറ്റി മറിച്ചു: മന്ത്രി കെ.എൻ.ബാലഗോപാൽ

Thursday 16 June 2022 5:12 AM IST

തിരുവനന്തപുരം: കവിതകളിലൂടെ കേരളത്തിന്റെ സാമൂഹിക രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ കുമരാനാശാന് കഴിഞ്ഞുവെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തോടും കേരളകൗമുദിയുടെ 111-ാം വാർഷികത്തോടും അനുബന്ധിച്ച് കേരളകൗമുദി സംഘടിപ്പിച്ച ചടങ്ങിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രവർത്തകനും കവിയുമെന്ന നിലയിൽ മാത്രമല്ല,​ സംഘാടകനെന്ന നിലയിലും ആശാൻ നൽകിയ പങ്ക് വലുതാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കെ നാടിന്റെയാകെ നന്മയ്ക്ക് വേണ്ട പ്രവർത്തനം നടത്തിയെന്നും മന്ത്രി പറഞ്ഞു

മന്ത്രി വീണാ ജോർജ്

കുമാരനാശാൻ കവിതയിൽ കൊളുത്തി വച്ച പ്രകാശം ഇന്നും നമ്മെ നയിക്കുന്നുവെങ്കിൽ ,കേരളകൗമുദി അതേ പ്രകാശം 111 വർഷങ്ങൾക്കിപ്പുറം പുതിയ തലമുറയിലേക്ക് കൈമാറുകയാണെന്ന് മന്ത്രി വീണാ ജോർജ്

പറഞ്ഞു.അന്നും ഇന്നും എന്റെ പത്രവായനയിൽ കേരളകൗമുദി അവിഭാജ്യഘടകമാണ്. കേരളകൗമുദിയുടെ ചരിത്രം കേരളത്തിന്റെ മാദ്ധ്യമ ചരിത്രത്തിൽ തങ്ക ലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. നിലപാടുകളിൽ വ്യതിചലിക്കാതെ സത്യസന്ധമായി സാമൂഹ്യപരിഷ‌്കരണത്തിൽ കേരളകൗമുദി മാദ്ധ്യമ ലോകത്ത് പുതിയ വഴി വെട്ടിത്തെളിക്കുകയായിരുന്നു. കുമാരനാശാനും തന്റെ തൂലികയിലൂടെ ചെയ്തത് അതുതന്നെയാണ്.

മന്ത്രി ജി.ആർ.അനിൽ

കേരളകൗമുദി തനിക്ക് കുടുംബം പോലെയാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സാമൂഹികരംഗത്ത് കേരളകൗമുദിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ഒരു പ്രക്ഷോഭകാരിയുടേതായിരുന്നു. അതിനാൽ തന്നെ പത്രത്തിന്റെ പ്രവർത്തനം കൂടുതൽ വിപുലമാകേണ്ട സാഹചര്യമാണുള്ളത്.

വി.കെ.പ്രശാന്ത്

തന്നെ എം.എൽ.എയാക്കിയതിൽ കേരളകൗമുദിക്ക് സുപ്രധാന പങ്കുണ്ടെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ

പറഞ്ഞു. തന്നെ ഇടതുപക്ഷക്കാരനും മതേതരവാദിയുമാക്കിയത് കേരളകൗമുദിയാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കുമാരാനാശാന്റെയും ഗുരുദേവന്റെയും ആശയങ്ങൾ പുതുതലമുറയിൽ എത്തിക്കാൻ

കഴിയണം.

ആര്യാ രാജേന്ദ്രൻ

നാടിനെ ഇന്നത്തെ നിലയിൽ ഉയർത്തിക്കൊണ്ടുവന്നതിൽ കുമാരനാശാനും കേരളകൗമുദിക്കും സുപ്രധാന പങ്കാണുള്ളതെന്ന് നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇനിയും കേരളകൗമുദിക്ക് സാധിക്കട്ടെയെന്നും മേയർ പറഞ്ഞു.

Advertisement
Advertisement