ഉത്തരവുമാത്രം പുറത്തിറങ്ങി മണിച്ചന്റെ മോചനവഴിയിൽ കോട്ടപോലെ 30.45 ലക്ഷം

Friday 17 June 2022 12:00 AM IST

തിരുവനന്തപുരം: ചിറയിൻകീഴിൽ വിവിധ ഭാഗങ്ങളിലായി അഞ്ചേക്കറോളം സ്ഥലം. പുളിമൂട് ജംഗ്ഷന് സമീപം എല്ലാ ആഡംബരങ്ങളുമുള്ള വീട്. ഇതെല്ലാം നോക്കി നടത്തേണ്ടിയിരുന്ന മണിച്ചന് ഒടുവിൽ ജയിൽമോചനത്തിനുള്ള ഉത്തരവെത്തിയെങ്കിലും പുറത്തിറങ്ങാനുള്ള വഴി തെളിയുന്നില്ല. മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിനുള്ള സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

കല്ലുവാതുക്കൽ വിഷമദ്യ കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ പിഴത്തുകയായി 30.45 ലക്ഷം രൂപ സർക്കാരിന് കെട്ടിവയ്ക്കാനുണ്ട്. അതുനൽകിയാൽ പുറത്തിറങ്ങാം. അല്ലെങ്കിൽ,​ സർക്കാരിന്റെയോ സുപ്രീംകോടതിയുടെയോ പ്രത്യേക കനിവ് കിട്ടണം. പ്രതാപകാലത്ത് ബെൻസിലായിരുന്നു മണിച്ചന്റെ യാത്ര. മാനേജർക്ക് സഞ്ചരിക്കാൻ പ്യൂഷെ കാർ. മാരുതി ഡീസൽ സെൻ നാലെണ്ണം. സ്പിരിറ്റ് വാഹനത്തിന് എസ്കോർട്ട് പോയി എന്ന പേരിലുള്ള കേസിൽ സെയിൽസ് ടാക്സ് പിടികൂടിയ ഈ വാഹനങ്ങളൊന്നും പിന്നീട് കാണാൻ കിട്ടിയില്ല. എല്ലാം​ ലേലത്തിൽ പോയി. ഷാപ്പുകളുടെ ആവശ്യത്തിനും മറ്രുമായി പിക്കപ്പ് വാനുകളടക്കം അമ്പതോളം വാഹനങ്ങൾ വെറെയും ഉണ്ടായിരുന്നു. സ്വന്തം ഷാപ്പുകളിലൂടെ സ്പിരിറ്റ് വില്പന നടത്തി നേടിയ സമ്പാദ്യത്തിന് 25 കോടിയാണ് നികുതി കണക്കാക്കിയത്. ഇത് ഈടാക്കാൻ അവയെല്ലാം കണ്ടുകെട്ടി ലേലം ചെയ്തു. ഒരിക്കൽ തിരുവനന്തപുരം നഗരത്തിലെത്തിയപ്പോൾ, താൻ ഉപയോഗിച്ചിരുന്ന പ്യൂഷെ കാർ കാണാനിടയായെന്ന് മാനേജർ ബാലചന്ദ്രൻ ഓർക്കുന്നു.

ചിറയിൻകീഴ് റെയ്ഞ്ചിൽ ഒന്നു മുതൽ 26 വരെ നമ്പരുകളിലുള്ള കള്ള് ഷാപ്പുകളാണ് മണിച്ചൻ നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഷാപ്പുകളുടെ ലൈസൻസ്. കേസിൽപെടുന്നതിനു കുറച്ചുമുമ്പാണ് നാല് കോടി രൂപയ്ക്ക് ഈ ഷാപ്പുകൾ ലേലം കൊണ്ടത്. ആറു തവണയായി 2.40 കോടി കിസ്ത് അടച്ചു. ബാക്കി നാലു തവണകളിലെ 1.60 കോടി അടവ് മുടക്കിയതിനാൽ അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കൾ കണ്ടുകെട്ടി. ഒരു തുണ്ട് ഭൂമി ഇനി ഉഷയുടെ പേരിലില്ല. പുളിമൂട്ടിലെ കെട്ടിടവും സർക്കാരിന്റെ കൈവശമാണ്. വീടിന് സമീപമുള്ള ഗോഡൗണിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ അബ്കാരി കേസിൽ വിചാരണക്കോടതി ഉഷയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇനിയും തീർപ്പായിട്ടില്ല. 22 വർഷമായി തുടരുന്ന തടവിൽ നിന്നുള്ള മണിച്ചന്റെ മോചനമാണ് ഭാര്യയുടെയും മക്കളുടെയും ഏക മോഹം. നയാപൈസ വരുമാനമില്ലാത്ത ഇവർക്കുമുന്നിൽ കോട്ടപോലെ നിൽക്കുകയാണ് 30.45 ലക്ഷം. മദ്യക്കച്ചവടത്തിൽ സജീവമായിരുന്നപ്പോൾ പലവിധത്തിൽ ലക്ഷങ്ങൾ മണിച്ചന് നൽകാനുള്ളവരുണ്ട്. അതൊന്നും ഇപ്പോൾ മോചനത്തിന് വഴിതുറക്കാനെത്തുന്നില്ല.

Advertisement
Advertisement