അന്നദാനത്തിൽ ഒരു കോടിയുടെ വെട്ടിപ്പ്,​ അയ്യപ്പന്മാരുടെ അന്നക്കള്ളൻ ദേവസ്വം ഓഫീസർ അറസ്റ്റിൽ

Friday 17 June 2022 12:00 AM IST

 കരാറുകാരന് നൽകാനുള്ളത് 22 ലക്ഷം

 എഴുതിയെടുത്തത് 1.15 കോടി

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ മെസിലേക്ക് ശബരിമല തീർത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ നിലയ്ക്കൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറെ പത്തനംതിട്ട വിജിലൻസ് സംഘം അറസ്റ്റുചെയ്തു. ആയൂർ നിർമ്മാല്യം വീട്ടിൽ ജെ. ജയപ്രകാശിനെ ഇന്നലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഒാഫീസിലെ ഒാഡിറ്ററായ ജയപ്രകാശ് ആറു മാസമായി സസ്പെൻഷനിലാണ്.

2018-19 കാലയളവിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ബോർഡ് പ്രസിഡന്റ്, കമ്മിഷണർ, ദേവസ്വം വിജിലൻസ് എന്നിവർക്ക് അന്ന് കരാറുകാരനായ കൊല്ലം പട്ടത്താനം സ്വദേശി ജയപ്രകാശ് പരാതി നൽകിയിരുന്നു.

സാധനങ്ങൾ എത്തിച്ച വകയിൽ കരാറുകാരന്റെ പേരിൽ വ്യാജ ബില്ലും സീലും ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് പരാതി. കരാറുകരന് 30,00.903 രൂപയാണ് നൽകാനുണ്ടായിരുന്നത്. ഇതിൽ 8.20 ലക്ഷം രൂപ നൽകി. ബാക്കി തുകയ്ക്ക് പകരം പ്രതിയുടെ നേതൃത്വത്തിൽ 1.15കോടിയുടെ ചെക്കുകൾ എഴുതി. ബില്ലിലും വൗച്ചറിലും ഒപ്പിട്ടു നൽകണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ലഭിക്കാനുള്ള ബാക്കി തുകയുടെ മാത്രം ചെക്ക് എഴുതിയാൽ മതിയെന്ന് കരാറുകാരൻ പറഞ്ഞു. ഇതു വകവയ്ക്കാതെ പ്രതിയും രണ്ട് മുൻ എക്സിക്യുട്ടീവ് ഒാഫീസർമാരും ഒരു ജൂനിയർ സൂപ്രണ്ടും ചേർന്ന് കരാറുകാരന്റെ കള്ള ഒപ്പിട്ട് ചെക്കുകൾ ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചിൽ കൊടുത്ത് പണം പിൻവലിച്ചെന്നാണ് പരാതി. കരാറുകാരന് 22 ലക്ഷം പണമായി കൈമാറാനും ശ്രമിച്ചു.

ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഒാഫീസർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ്, ജൂനിയർ സൂപ്രണ്ടായിരുന്ന വാസു പോറ്റി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.