ഹൈക്കോടതിയുടെ വിമർശനം,​ ഭൂരിപക്ഷം സഹ. സംഘങ്ങളിലും രാഷ്ട്രീയവത്കരണം രൂക്ഷം

Friday 17 June 2022 12:00 AM IST

കൊച്ചി: സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും രാഷ്ട്രീയവത്കരണത്തിന്റെ ഇരകളാണെന്നും സഹകരണ സംഘങ്ങളിൽ സർക്കാർ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി.

തൊടുപുഴ പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ റൂറൽ ഡെവലപ്പ്മെന്റ് ബാങ്കിന്റെ തിരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടെന്നും അക്രമം അരങ്ങേറിയെന്നും കാട്ടി ബാങ്ക് വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ് നൽകിയ അപ്പീലിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

പൊലീസ് സംരക്ഷണത്തിൽ മേയ് 14നു തിരഞ്ഞെടുപ്പു നടത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. സംരക്ഷണം നൽകാത്ത പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി ഡി.ജി.പിയെയും ഇടുക്കി എസ്.പിയെയും കക്ഷി ചേർത്തു. ഉത്തരവു നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണം. ഇലക്‌ഷൻ കമ്മിഷൻ ഡി.ജി.പിയുമായി ആലോചിച്ച് പുതിയ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു നടത്തണം. തിരഞ്ഞെടുപ്പ് സമാധാനപരമാണെന്ന് ഡി.ജി.പി ഉറപ്പാക്കണം. അപ്പീൽ ഒന്നര മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.

ഹൈക്കോടതി പറഞ്ഞത്

ഇലക്‌ഷൻ ഒരുകൂട്ടമാളുകൾ കലാപമുണ്ടാക്കി തടസപ്പെടുത്തി. സഹകരണ സംഘങ്ങളുടെ ഭരണം തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ നടത്തണം. ജനാധിപത്യം സാധിക്കാത്ത അപൂർവം സാഹചര്യങ്ങളിൽ മാത്രമേ ഉദ്യോഗസ്ഥരെ ഭരണം ഏൽപ്പിക്കാവൂ. തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയവത്കരിക്കപ്പെടുന്നതിനാൽ സഹകരണ സംഘങ്ങളിൽ ധാർമ്മികതയും പ്രൊഫഷണൽ ഭരണവും ഇല്ലാതാകുന്നു. കടവും നഷ്ടവുമാണ് ഫലം. ഇത് സഹകരണ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും.

പൊലീസിന് വിമർശനം

അക്രമത്തിലൂടെ കോടതി ഉത്തരവുകൾ മറികടക്കാമെന്ന സന്ദേശം ജുഡിഷ്യറിയുടെ വിശ്വാസ്യത ഇല്ലാതാക്കും. ഈ കേസിൽ പൊലീസ് മൂകസാക്ഷിയായെന്നാണ് ആരോപണം. വോട്ടെടുപ്പ് തടയാൻ ആൾക്കൂട്ടം വന്നപ്പോൾ പൊലീസ് തടഞ്ഞില്ല. ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചപ്പോൾ പൊലീസ് മുൻകരുതൽ എടുക്കണമായിരുന്നു. നിയമവാഴ്ച ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ ക്രമസമാധാന സംവിധാനമാകെ തകിടം മറിയും.

Advertisement
Advertisement