ബ്ളാസ്റ്റേഴ്സിലേക്ക് മിറാൻഡ വന്നു, റോയ് കൃഷ്ണ വന്നേക്കും

Thursday 16 June 2022 11:57 PM IST

കൊച്ചി: ഐ.എസ്.എൽ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലെ ആദ്യ പുതിയ താരത്തെ ക്യാമ്പിലെത്തിച്ചു. ചർച്ചിൽ ബ്രദേഴ്‌സ് മിഡ്ഫീൽഡർ ബ്രൈസ് മിറാൻഡയെയാണ് നാലുവർഷത്തെ കരാറിൽ മഞ്ഞപ്പട സ്വന്തമാക്കിയത്. അതേസമയം എ.ടി.കെ മോഹൻ ബഗാനിൽ നിന്ന് പടിയിറങ്ങിയ ഇന്ത്യൻ വംജനായ ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബ്ളാസ്റ്റേഴ്സ്. താരവുമായുള്ള ചർച്ചകൾ തുടരുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയാൽ കരാർ ഒപ്പിടും.

മുംബയ് ദാദർ സ്വദേശിയായ 22 കാരനായ മിറാൻഡ ചർച്ചിൽ ബ്രദേഴ്‌സിനുവേണ്ടി നടത്തിയ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ചർച്ചിൽ ബ്രദേഴ്‌സിനായി 33 മത്സരങ്ങളിൽ പന്തുതട്ടിയ മിറാൻഡ രണ്ട് ഗോൾ നേടുകയും നാല് അസിസ്റ്റ് നൽകുകയും ചെയ്തു. ക്രോസുകൾ നൽകുന്നതിൽ മിടുക്കനാണ് ഈ യുവതാരം. 2021-2022 ഐ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 55 ക്രോസുകളാണ് താരം നൽകിയത്. നിലവിൽ അണ്ടർ 23 ഇന്ത്യൻ ടീമിലംഗമാണ് മിറാൻഡ. മുംബൈ എഫ്.സി. അക്കാദമിയിൽ പന്തുതട്ടി വളർന്ന മിറാൻഡ 18 വയസ് വരെ അവിടെ തുടർന്നു. പിന്നീട് യൂണിയൻ ബാങ്കിനായി കളിച്ച താരം 2018-ൽ ഗോവ യൂത്ത് ടീമിലിടം നേടി. 2019-ൽ ഇൻകം ടാക്‌സ് എഫ്.സിയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ മിറാൻഡയെ ചർച്ചിൽ ബ്രദേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. . ഇടതുവിംഗിലൂടെ ആക്രമിച്ച് കയറാനുള്ള മിടുക്കാണ് താരത്തിന്റെ പ്ലസ് പോയിന്റ്.

അതേസമയം കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനയായിരുന്ന അൽവാരോ വാസ്‌ക്വെസിന് പകരക്കാരനെത്തേടിയുള്ള ബ്ളാസ്റ്റേഴ്സിന്റെ അന്വേഷണമാണ് റോയ് കൃഷ്ണയിലെത്തിയിരിക്കുന്നത്. എ.ടി.കെയി നിന്ന് പടിയിറങ്ങിയ റോയ് കൃഷ്ണയുമായി നിലവിൽ ഒരു ടീമും ബന്ധപ്പെട്ടിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച റെക്കോഡുള്ള താരമാണ് റോയ് കൃഷ്ണ. 2019-2020, 2020-2021 സീസണുകളിൽ ടോപ് ഗോൾസ്കോററായിരുന്നു റോയ് കൃഷ്ണ . മോഹൻ ബഗാന് വേണ്ടി 71 മത്സരങ്ങളിൽ നിന്നായി 40 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ന്യൂസിലാൻഡിലെ വെല്ലിംഗ്ടൺ ഫീനിക്‌സിൽ നിന്നാണ് താരം ഇന്ത്യയിലെത്തിയത്.

Advertisement
Advertisement