ഒപ്പമെത്താൻ നാലാമങ്കം

Thursday 16 June 2022 11:58 PM IST

ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഇന്ന് രാജ്കോട്ടിൽ

ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പരയിൽ 2-2ന് ഒപ്പമെത്താം

രാജ്കോട്ട് : ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടശേഷം വിശാഖപട്ടത്ത് വിജയം പിടിച്ചെടുത്ത ഇന്ത്യൻ ടീം ഇന്ന് രാജ്കോട്ടിൽ പരമ്പര കൈവിട്ടുപോകാതിരിക്കാൻ നാലാം മത്സരത്തിനിറങ്ങുന്നു. ഇന്ന് കൂടി വിജയം നേടാനായാൽ ഇന്ത്യയ്ക്ക് അഞ്ചുമത്സര പരമ്പരയിൽ 2-2ന് ഒപ്പമെത്താനാകും. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ അവർ പരമ്പര സ്വന്തമാക്കും.

റിഷഭ് പന്തിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ചേസ് ചെയ്ത് തോൽപ്പിക്കുകയായിരുന്നു. എന്നാൽ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കൻ ചേസിംഗിന്റെ താളം തെറ്റി. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെ‌ടുത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ഫോമിലേക്ക് തിരിച്ചെത്തിയതായിരുന്നു ഇന്ത്യയു‌ടെ വിജയത്തിന് വഴിയൊരുക്കിയത്. ഡൽഹിയിൽ ചഹൽ 26 റൺസേ വഴങ്ങിയിരുന്നുള്ളൂവെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. കട്ടക്കിൽ ഒരുവിക്കറ്റ് വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്തത് 49 റൺസാണ്.ഈ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യമുണ്ടായ വിക്കറ്റ് നഷ്ടങ്ങളെ അതിജീവിച്ച് വിജയത്തിലേക്ക് മുന്നേറാൻ വഴിയൊരുക്കിയത് ചഹൽ ഉൾപ്പടെയുള്ള ബൗളർമാരുടെ ഓവറുകളെ ക്രിയാത്മകമായി നേരിടാനായതാണ്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കാഴ്ചവച്ചിരുന്നതുപോലൊരു പ്രകടനമാണ് വിശാഖപട്ടണത്ത് ചഹൽ പുറത്തെടുത്തത്. ഇന്ത്യ വിജയത്തിലേക്ക് തിരിച്ചെത്തിയതും ഇൗ പ്രകടനത്തിന്റെ മികവിലാണ്.

ബാറ്റിംഗിൽ ഇന്ത്യയ്ക്ക് കാര്യമായ ആശങ്കകളില്ല. ഇഷാൻ കിഷൻ മികച്ച ഫോമിലാണ്.കെ.എൽ രാഹുലിന്റെ അഭാവം പ്രകടമാകാതിരിക്കാൻ ഓപ്പണിംഗിൽ റുതുരാജ് ഗെയ്‌ക്ക്‌വാദിന് കഴിയും. വിശാഖപട്ടണത്ത് റുതുവും ഇഷാനും അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു. ക്യാപ്ടൻ റിഷഭ് പന്ത്,ശ്രേയസ് അയ്യർ,ഹാർദിക് പാണ്ഡ്യ,ദിനേഷ് കാർത്തിക്,അക്ഷർ പട്ടേൽ എന്നിവരുടെ സാന്നിദ്ധ്യം ബാറ്റിംഗ് നിരയ്ക്ക് ആഴം നൽകുന്നു.

പേസിനെ തുണയ്ക്കുന്ന കട്ടക്കിലെ പിച്ചിൽ ഭുവനേശ്വർ മികവ് കാട്ടിയിരുന്നു. വിശാഖപട്ടണത്ത് നാലുവിക്കറ്റുകൾ വീഴ്ത്തി ഹർഷൽ പട്ടേലും ഫോമിലേക്കുയർന്നു. എന്നാൽ ആവേഷ് ഖാന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞിട്ടില്ല.ഇന്ന് ആവേഷിന് പകരം ഉമ്രാൻ മാലിക്കിന് അവസരം നൽകാൻ സാദ്ധ്യതയുണ്ട്.

മറുവശത്ത് ഇന്ത്യയെ തോൽപ്പിക്കുകയെന്നത് അസാദ്ധ്യമല്ലെന്ന് തെളിയിച്ച ടെംപ ബൗമയും കൂട്ടരും അടുത്ത അവസരത്തിന് കാത്തിരിക്കുകയാണ്. വിശാഖപട്ടണത്തെ തിരിച്ചടി മറന്ന് വീണ്ടുമൊരു വിജയമാണ് അവരുടെ ലക്ഷ്യം. ബൗമ,റാസീ വാൻഡർഡസൻ,റീസ ഹെൻട്രിക്സ്,ഡ്വെയ്ൻ പ്രിട്ടോറിയസ്,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ തുടങ്ങിയവരാണ് ബാറ്റിംഗിലെ കരുത്ത്. ആദ്യ മത്സരത്തിന് ശേഷം പരിക്ക് മൂലം വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇന്ന് ഡികോക്ക് കളിച്ചക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പരമ്പരയ്ക്ക് മുമ്പ് കൊവിഡ് പോസിറ്റീവായ എയ്ഡൻ മാർക്രം കളിക്കില്ല.

വെറ്ററൻ താരം വെയ്ൻ പാർണൽ,അൻറിച്ച് നോർക്യേ,കാഗിസോ റബാദ,തബാരേസ് ഷംസി,കേശവ് മഹാരാജ്,പ്രിട്ടോറിയസ് തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയിലെ കരുത്ത്.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : ഇഷാൻ കിഷൻ,റുതുരാജ് ഗെയ്‌ക്ക്‌വാദ്,ശ്രേയസ് അയ്യർ,റിഷഭ് പന്ത്(ക്യാപ്ടൻ),ഹാർദിക് പാണ്ഡ്യ,ദിനേഷ് കാർത്തിക്,അക്ഷർ പട്ടേൽ,ഹർഷൽ പട്ടേൽ,ആവേഷ് ഖാൻ,ഭുവനേശ്വർ കുമാർ,യുസ്‌വേന്ദ്ര ചഹൽ

ദക്ഷിണാഫ്രിക്ക : ക്വിന്റൺ ഡി കോക്ക് /റീസ ഹെൻട്രിക്സ് ,ടെംപ ബൗമ(ക്യാപ്ടൻ),വാൻഡർ ഡസൻ,ഡേവിഡ് മില്ലർ,സ്റ്റബ്സ്/ ക്ളാസൻ ,ഡ്വെയ്ൻ പ്രിട്ടോറിയസ് ,വെയ്ൻ പാർണൽ,റബാദ,ലുംഗി എൻഗിഡി,നോർക്യേ,തബാരേസ് ഷംസി.

7 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

Advertisement
Advertisement