വൃത്തിയില്ലാത്തതിന് ഗണേശ് കുമാർ ശകാരിച്ച അതേ ആശുപത്രിയിലെ സീലിംഗുകൾ തകർന്നു വീണു; രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തിയത് ആരോഗ്യമന്ത്രി
Friday 17 June 2022 11:17 AM IST
കൊല്ലം: പത്തനാപുരത്ത് രണ്ട് മാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടടത്തിന്റെ സീലിംഗുകൾ തകർന്നു വീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകർന്നു വീണത്. കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദർശിച്ച ഗണേശ് കുമാർ ഒരിക്കൽ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാർത്തയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ 'നിർമ്മിതി'ക്കായിരുന്നു കെട്ടിടത്തിന്റെ മേൽനോട്ട ചുമതല. അതേസമയം, സംഭവത്തിൽ വലിയ അഴിമതി ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരിക്കുന്നത്.