ലോക കേരള സഭ: മൂന്ന് യു.ഡി.എഫ്.സംഘടനകളെത്തി

Saturday 18 June 2022 12:47 AM IST

■വിട്ടുനിന്നതിനെ വിമർശിച്ച് യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നെങ്കിലും,മൂന്ന് യു.ഡി.എഫ് അനുകൂല സംഘടനകൾ പങ്കെടുത്തു.പ്രവാസി കോൺഗ്രസ്,ഇൻകോസ്,

കെ.എം.സി.സി പ്രതിനിധികളാണ് എത്തിയത്. യു .ഡി.എഫ്. അനുകൂല സംഘടനകൾക്ക് പങ്കെടുക്കാൻ അനുമതിയുണ്ടെന്ന് മുസ്ലിം ലീഗ് അനുകൂല സംഘടനയായ കെ.എം.സി.സി.നേതാവ് പി.കെ.മുഹമ്മദാലി പറഞ്ഞു..

യു.ഡി.എഫ് വിട്ടുനിന്നത് ശരിയല്ലെന്നും, ഇനി കോൺഗ്രസ് അധികാരത്തിലിരിക്കുന്ന വേളയിൽ ലോക കേരളസഭ ഇടതുപക്ഷം ബഹിഷ്ക്കരിക്കരുതെന്നും വ്യവസായ പ്രമുഖൻ എം.എ.യൂസഫ് അലി പറഞ്ഞു. സമീപനരേഖ അവതരിപ്പിച്ച യോഗത്തിലാണ് പ്രതിപക്ഷ ബഹിഷ്കരണം ചർച്ചയായത്.

പ്രവാസികൾക്ക് രാഷ്ട്രീയമില്ലെന്നും, 5 മുഖ്യമന്ത്രിമാരുമായി കൊച്ചി വിമാനത്താവള ബോർഡിൽ ഇരുന്നിട്ടുണ്ടെന്നും യൂസഫ് അലി ഓർമ്മിപ്പിച്ചു. കെ.കരുണാകരനാണു കൊച്ചി വിമാനത്താവളത്തിനു തുടക്കമിട്ടത്. പദ്ധതി പൂർത്തിയായപ്പോൾ ഉദ്ഘാടനം ചെയ്തതാകട്ടെ ഇ.കെ.നായനാരാണ്. ബിജെപിയുടെ കേന്ദ്ര വ്യോമയാന മന്ത്രിയാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. വികസനത്തിനായും പ്രവാസികൾക്കായും പാർട്ടി ഭേദമില്ലാതെ ഇരുകൂട്ടരും യോജിപ്പോടെ പ്രവർത്തിച്ചതിനാലാണ് ഇതു സാധ്യമായത്. ആ വിമാനത്താവളം കൊണ്ട് ഏറ്റവുമധികം ഗുണം കിട്ടുന്നതും പ്രവാസികൾക്കാണ്. ലണ്ടനിൽനിന്ന് നേരിട്ടു കൊച്ചിയിലേക്ക് ഇപ്പോൾ വിമാനമുണ്ട്. അനാവശ്യമായി വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് കേരളത്തിൽ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോൾ ഇവിടെ സംരക്ഷണമില്ല. പ്രയാസപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുന്നവർ നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് വിഷമിക്കുകയാണെന്നും

യൂസഫലി പറഞ്ഞു.

ഗോകുലം ഗോപാലൻ,കെ.ടി.ജലീൽ,ജോൺബ്രിട്ടാസ് എം.പി, പി.ശ്രീരാമകൃഷ്ണൻ, ഡോ.രവി പിള്ള,ഡോ.ആസാദ്മൂപ്പൻ, ചീഫ് സെക്രട്ടറി വി.പി.ജോയി,നോർക്ക സെക്രട്ടറി സുമൻബില്ല,സ്പീക്കർ എം.ബി.രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement
Advertisement