പത്ത് വർഷമായി ഉപയോഗിക്കാതെ കൊല്ലം - കോട്ടപ്പുറം പാത,​ 2500 കോടി വെള്ളത്തിൽ ; ജലപാത നോക്കുകുത്തി

Saturday 18 June 2022 12:59 AM IST

ദേശീയജലപാത കടന്നുപോകുന്ന കോട്ടപ്പുറം കായൽ

കൊച്ചി: ചരക്ക് വാഹനങ്ങൾ ഗതാഗതം കുരുക്കി റോഡിൽ കിടക്കില്ല. കിലോമീറ്ററിന് പകുതിയിൽ താഴെമാത്രം ചെലവ്. വായുമലിനീകരണം കുറയും...

2,500 കോടിയിലേറെ ചെലവഴിച്ച് വലിയ ലക്ഷ്യത്തോടെ വികസിപ്പിച്ച 205 കിലോമീറ്റർ കൊല്ലം- തൃശൂർ കോട്ടപ്പുറം ദേശീയ ജലപാത 10 വർഷമായിട്ടും ഉപയോഗിക്കുന്നില്ല. എഫ്.എ.സി.ടി 37 കിലോമീറ്ററിൽ സ്വന്തമായി ചരക്ക് നീക്കുന്നുണ്ടെന്നു മാത്രം.

ബാർജ് ഉൾപ്പെടെ സൗകര്യങ്ങൾ സർക്കാർ ഒരുക്കാത്തതും ലോറി ലോബിയുടെ കളി ചെറുക്കാത്തതും തീരദേശ ചരക്കുനീക്കമെന്ന വൻ സാദ്ധ്യതയെ അടയ്ക്കുന്നു. കപ്പലിലെത്തുന്ന ചരക്ക് ഏജന്റുമാർ അപ്പപ്പോൾ ലോറികളിൽ കയറ്റിവിടുന്നതാണ് നിലവിലെ രീതി. അവർക്ക് കുടപിടിക്കും പോലെയാണ് അധികൃതരുടെ അനാസ്ഥ.

വെസ്റ്റ് കോസ്റ്റ് കനാൽ എന്ന് പേരിട്ട് 1993ൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ദേശീയജലപാത - 3 ആയി പ്രഖ്യാപിച്ചത്. നാഷണൽ വാട്ടർവേയ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എൻ.ഡബ്ളി‌യു.എ.ഐ) 1994ൽ പാതയൊരുക്കാൻ തുടങ്ങി. ജലാശയങ്ങളുടെ ആഴംകൂട്ടൽ 2002ൽ തുടങ്ങി. 2013ൽ പൂർണസജ്ജം.

ബാർജുകളിലാണ് ചരക്ക് നീക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിലേതു പോലെ ബാർജ് സർവീസ് നടത്തുന്ന സ്വകാര്യ ഏജൻസികൾ നമുക്കില്ല. സംരംഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയോ സർക്കാർ ബാർജ് ട്രൻസ്പോർട്ട് സംവിധാനമൊരുക്കുകയോ വേണം. ചരക്ക് എത്തിക്കാൻ 11 ടെർമിനലുകളും 11 ഗോഡൗണകളും പണിതു. പക്ഷേ, ടെർമിനലുകളിലേക്ക് വീതിയുള്ള റോഡില്ല. ടൂറിസ്റ്റ് ബോട്ട് സർവീസുകളെ ആകർഷിക്കാനും നടപടിയില്ല.

നാഥനില്ലാതെ കിടക്കുന്ന ജലപാതയുടെ നടത്തിപ്പ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനെ ഏല്പിച്ച് ബാർജ് സർവീസ് തുടങ്ങാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

നടക്കാതെപോയ

വലിയ ലക്ഷ്യം

തീരദേശ ജില്ലകളിലേക്ക് റോഡുമാർഗമുള്ള ചരക്കു നീക്കത്തിന്റെ പകുതി 10 വർഷത്തിനകം ജലപാതയിലാക്കാനാണ് ലക്ഷ്യമിട്ടത്. കൊല്ലത്തെ കശുഅണ്ടി, ആലപ്പുഴയിലെ കയർ, കോട്ടയത്തെ റബർ തുടങ്ങിയവ കൊച്ചിയിലേക്കും മറ്റു ചരക്കുകൾ തിരിച്ചും കൊണ്ടുപോകാനാകും.

ഫാക്ട് മാതൃക

 കൊച്ചി തുറമുഖം മുതൽ പാതാളംവരെ ഉദ്യോഗമണ്ഡൽ കനാൽ, തുറമുഖം മുതൽ അമ്പലമുകൾവരെ ചമ്പക്കര കനാൽ എന്നിവയിൽ ഫാക്ട് ചരക്കുനീക്കം പൂർണതോതിൽ നടത്തുന്നു

 വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് വല്ലാർപാടം ടെർമിനലിലേക്ക് കണ്ടെയ്‌നർ നീക്കത്തിന് റോറോ സർവീസ് 2011 മുതൽ നടത്തുന്നു. കൊച്ചി- കോട്ടയം തുറമുഖം സർവീസ് ആരംഭിച്ചെങ്കിലും സ്ഥിരമായില്ല

ദേശീയജലപാത

205 കി.മീ

ആകെ ദൂരം

168 കി.മീ

കൊല്ലം -കോട്ടപ്പുറം

ടെർമിനലുകൾ

കോട്ടപ്പുറം, ആലുവ, കാക്കനാട്, മരട്, വൈക്കം, തണ്ണീർമുക്കം, തൃക്കുന്നപ്പുഴ, ആലപ്പുഴ, കായംകുളം (ആയിരംതെങ്ങ്), ചവറ, കൊല്ലം.

ചെലവ്

(ഒരു കിലോമീറ്ററിൽ ഒരു ടണ്ണിന്)

െയിൽവേ 1.36 രൂപ

ദേശീയപാത 2.50 രൂപ

ജലപാത 1.06 രൂപ

ജലപാത ചരക്കുനീക്കത്തിന് സജ്ജമാണ്. പൊതു - സ്വകാര്യ മേഖലകൾ ഒന്നിച്ചാലേ ചരക്കുനീക്കം സാദ്ധ്യമാകൂ

മാത്യു ജോർജ്. ഡയറക്ടർ

എൻ.ഡബ്ളി‌യു.എ.ഐ

Advertisement
Advertisement