കേരള പുരോഗതിക്ക് സർക്കാരും പ്രതിപക്ഷവും ഒന്നിക്കണം: എം.എ.യൂസഫലി

Saturday 18 June 2022 12:58 AM IST

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ വ്യവസായസ്ഥാപനങ്ങൾ വരണമെങ്കിൽ അടിസ്ഥാന സൗകര്യം വികസിക്കണമെന്ന് വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി. മൂന്നാം ലോക കേരളസഭയുടെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പുരോഗതിക്ക് സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് മുന്നോട്ട് പോകണം. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ ഗൾഫാണ്. അമേരിക്കയിലടക്കം പഠിച്ചുവന്ന ശേഷം ഗൾഫുകാർ സ്വന്തം രാജ്യത്തെ ജോലി ഏറ്റെടുക്കുകയാണ്. അതിനെ അതിജീവിച്ച് മലയാളികൾക്ക് എങ്ങനെ നിലനിൽക്കാമെന്ന് ലോകകേരളസഭ ചിന്തിക്കണമെന്നും യൂസഫലി പറഞ്ഞു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് മുൻ പ്രൊഫസർ എസ്.ഇരുദയരാജൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു.

അച്ഛനുവേണ്ടി എബിൻ,നിമിഷങ്ങൾക്കകം സഹായം

ഓപ്പൺഫോറത്തിൽ വിവിധ പ്രവാസി സംഘടനകളിലെ പ്രതിനിധികളും വിദ്യാർത്ഥികളും ചോദ്യം ചോദിക്കുന്നതിനിടയ്‌ക്കാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എബിൻ യൂസഫലിക്ക് മുന്നിലെത്തിയത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന എബിന്റെ അച്ഛൻ നാല് ദിവസം മുമ്പ് മൂന്നാമത്തെ നിലയിൽ നിന്ന് വീണ് മരിച്ച കാര്യം അദ്ദേഹത്തിന്റെ സുഹൃത്താണ് ഫോണിൽ അറിയിച്ചത്. നോർക്കയുടെ സഹായം തേടിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്‌തെന്നും ഏറ്റുവാങ്ങാൻ ആളില്ലെന്നും എംബസിയിൽ നിന്ന് കഴിഞ്ഞദിവസം വിളിച്ച് പറഞ്ഞു. അച്ഛനെ നേരിൽ കണ്ടിട്ട് മൂന്നരവർഷമായി. വീഡിയോ കോളിലൂടെയാണ് കാണാറുണ്ടായിരുന്നത്. അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും എബിൻ പറഞ്ഞു. എബിന്റെ അഭ്യർത്ഥനയ്‌ക്ക് പിന്നാലെ സൗദിയിലെ തന്റെ ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ച യൂസഫലി മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തുമെന്ന് ഉറപ്പ് നൽകിയപ്പോൾ സദസ് കൈയടിയോടെ സ്വീകരിച്ചു.

Advertisement
Advertisement