ഒന്നാം പിണറായി സർക്കാർ അധോലോക മാഫിയ സംഘം: വി. മുരളീധരൻ

Saturday 18 June 2022 12:00 AM IST

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധോലോക മാഫിയ സംഘമായിരുന്നെന്നും കോൺസുലേറ്റിലെ അക്കൗണ്ടന്റ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ ഡിപ്ലോമാറ്റിക്ക് ഐ.ഡി നൽകിയെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് സുരക്ഷയൊരുക്കി മുഖ്യമന്ത്രിക്ക് എത്രനാൾ സഞ്ചരിക്കാനാവും? സ്വപ്‌നാസുരേഷിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. എന്തിനുവേണ്ടിയാണ് സംസ്ഥാനത്തിന്റെ ഭരണത്തലവനും ഭരണാധികാരികളും യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്മാരുമായി ഇത്തരത്തിലുള്ള ബന്ധം പുലർത്തിയത്? ഇന്ത്യയിൽ ഖുറാൻ ലഭ്യമല്ലാത്തതുകൊണ്ടാണോ കോൺസുലേറ്റിൽ നിന്ന് ഖുറാൻ വാങ്ങിയത്?

സ്വപ്‌നയുടെ ആരോപണങ്ങളിലെ വിശ്വാസ്യതയിൽ സംശയമുണ്ടെങ്കിൽ അണികളെ തല്ലുവാങ്ങാൻ തെരുവിലിറക്കിയതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ ഇടം നേടാനാണ് സതീശന്റെ ശ്രമം. പുനർജനി പദ്ധതിയെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണവുമായി മുന്നോട്ട് പോയാൽ എന്താകുമെന്നതിൽ സതീശന് ആശങ്കയുണ്ട്. കസ്റ്റംസ്‌ കേസിൽ ആവശ്യപ്പെട്ടതനുസരിച്ച് വിദേശ പൗരനെ ചോദ്യം ചെയ്യാനുള്ള അനുവാദത്തിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ വിദേശകാര്യവകുപ്പ് നൽകിക്കഴിഞ്ഞു. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷിച്ചാൽ പലതും പുറത്തുവരുമെന്നതുകൊണ്ടാണ് സുപ്രീംകോടതിവരെ സർക്കാർ പോയത്. കള്ളക്കടത്ത് കേസിലെ ആരോപണവിധേയരായ ആളുകളോട് വേദി പങ്കിടുന്നത് ശരിയല്ലാത്തതിനാലാണ് ലോകകേരള സഭയിൽ പങ്കെടുക്കണ്ടെന്ന് തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement