കൊവിഡ് പേടി, വാക്‌സിനെടുക്കാൻ തിരക്കോടു തിരക്ക്

Sunday 19 June 2022 1:25 AM IST

കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലയിൽ വാക്‌സിനെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. കുട്ടികളുൾപ്പെടെ ദിവസവും ആയിരങ്ങളാണ് വാക്‌സിനെടുക്കാനെത്തുന്നത്. മുതിർന്നവരേറെയും രണ്ടാം ഡോസ് വാക്‌സിനായെത്തുന്നവരാണ്. 60വയസിനു മുകളിൽ പ്രായമുള്ള നിരവധിപ്പേർ ബൂസ്റ്റർ വാക്‌സിനെടുക്കാനും എത്തുന്നുണ്ട്. 60 വയസിനു മുകളിലുള്ളവർക്കും പാലിയറ്റീവ് രോഗികൾക്കും മാത്രമാണ് ബൂസ്റ്റർ വാക്‌സിൻ സൗജന്യമായി നൽകുന്നത്. മറ്റുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് മാത്രമേ ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാനാകൂ. ഇതിന് 375 രൂപയാണ് വില.

ഇന്നലെ വൈകിട്ട് അഞ്ചുമണി വരെ 7,000ലേറെപ്പേരാണ് വാക്‌സിനെടുത്തത്. ഇതിൽ കുട്ടകൾക്കുള്ള കോർബി വാക്‌സിൻ എടുത്തവരുടെ മാത്രമെണ്ണം 4,700ലേറെ വരും.

20,000ലേറെ ഡോസ് വാക്‌സിൻ ഇപ്പോൾ സ്‌റ്റോക്കുണ്ടെന്നാണ് വിവരം. ഇതിനു പുറമേ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇടപ്പള്ളി വാക്‌സിൻ സ്റ്റോറിലും വാക്‌സിൻ സ്‌റ്റോക്കുണ്ട്.

24 വരെ പ്രത്യേക

വാക്‌സിനേഷൻ യജ്ഞം

60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പുരോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് ഭവന,​ സ്ഥാപന സന്ദർശനം നടത്തി മുൻകരുതൽ ഡോസ് നൽകുന്നതിനുള്ള പ്രത്യേക വാക്‌സിനേഷൻ ക്യാമ്പയി ഈ മാസം 24 വരെയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്താക്കളുടെ വാർഡ് തല ലിസ്റ്റ് തയ്യാറാക്കി ഭവന,​ സ്ഥാപന സന്ദർശനം വഴിയാണ് കാമ്പയിൻ. ജില്ലയിൽ ഇതുവരെ വരെ 60 വയസിനു മുകളിൽ പ്രായമുള്ള 15,000ലേറെപ്പേർ പേർ (23%)പേരാണ്
മുൻ കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്‌സിനും കരുതൽ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂവെന്ന് ആരോഗ്യമേഖഖലയിലെ വിദഗഗ്ദ്ധർ വ്യക്തതമാക്കുന്നു.

വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് സ്‌കൂളുകൾ

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങൾ സ്‌കൂൾ തലത്തിൽ ശേഖരിക്കാനും വാക്‌സിൻ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകൾ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ ഐസൊലേറ്റ് ചെയ്യുന്നതിന് സ്‌കൂളുകളിൽ സിക്ക് റൂം സജ്ജീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം ശരാശരി 1,000 കേസുകളുണ്ട്.

Advertisement
Advertisement