കെ.പി.സി.സി അംഗങ്ങൾ: നേതൃത്വം ധാരണയിൽ

Sunday 19 June 2022 2:53 AM IST

 234 പേരെ നിലനിറുത്തി

തിരുവനന്തപുരം: പതിനാല് ജില്ലകളിലും ഡി.സി.സി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞവർക്ക് മുൻതൂക്കം നൽകിക്കൊണ്ട് കെ.പി.സി.സി അംഗങ്ങളുടെ കാര്യത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ധാരണയിലെത്തി. ആകെ 280 അംഗങ്ങളെന്ന ഘടനയിൽ മാറ്റം വരുത്താതെ ഒഴിവുകൾ മാത്രം നികത്തും.

234 അംഗങ്ങളെ നിലനിറുത്തും. വിവിധ കാരണങ്ങളാൽ ഒഴിവായിട്ടുള്ള 46 പേർക്ക് മാത്രമാണ് പകരക്കാരെത്തുക. ഇതിൽ 50 വയസ്സിൽ താഴെയുള്ളവർ, സ്ത്രീകൾ എന്നിവർക്ക് മുൻതൂക്കമുണ്ടാകും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിദ്ധ്യമുണ്ടാകും. പട്ടിക ഹൈക്കമാൻഡിലേക്ക് കൈമാറി. സംഘടനാ തിരഞ്ഞെടുപ്പിന്റെ പ്രക്രിയ പൂർത്തിയാകുന്ന മുറയ്ക്കാകും പ്രഖ്യാപനം.

കഴിഞ്ഞ ദിവസം വൈകിട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ കൂടിയാലോചിച്ചാണ് രാത്രിയോടെ ധാരണയായത്. നിലവിലെ അംഗങ്ങളിൽ മരിച്ചുപോയവർ, സ്ഥാനമൊഴിഞ്ഞവർ, അച്ചടക്കനടപടി നേരിട്ട് പുറത്ത് പോയവർ എന്നിവരെയാണ് ഒഴിവാക്കുക. നിലവിലുള്ള 234 അംഗങ്ങളെ ഒഴിവാക്കി വീണ്ടും അപശബ്ദങ്ങളുയരാനിടയാക്കേണ്ടെന്ന് വിലയിരുത്തിയാണ് അവരെ നിലനിറുത്താൻ തീരുമാനിച്ചത്.

Advertisement
Advertisement