ലോക കേരള സഭയിൽ പ്രവാസിക്ഷേമത്തിന് മൂന്ന് പദ്ധതികൾ അവതരിപ്പിച്ച് ജെ.കെ. മേനോൻ

Saturday 18 June 2022 11:12 PM IST

കൊച്ചി: പ്രവാസികളുടെ ക്ഷേമത്തിനായി മൂന്ന് പ്രധാന പദ്ധതികൾ നോർക്ക ഡയറക്ടറും ഖത്തറിലെ എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ അവതരിപ്പിച്ചു. ഭവനപദ്ധതി, പ്രവാസികൾക്കും കുടുംബത്തിനും ഇൻഷ്വറൻസ്, സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളിൽ നിക്ഷേപത്തിന് അവസരം എന്നിവയാണവ.

പല പ്രവാസികളും നേരിടുന്ന പ്രശ്നമാണ് ഭവനനിർമ്മാണ വായ്പകളിന്മേലുള്ള നിയമക്കുരുക്ക്. സംസ്ഥാന സർക്കാർ പ്രവാസി വെൽഫെയർ ബോർഡുമായി സഹകരിച്ച് ഭവനപദ്ധതി തയ്യാറാക്കിയാൽ സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസം ലഭിക്കുമെന്ന് ജെ.കെ. മേനോൻ ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ പ്രവാസികൾക്ക് ഭാവികാലം ഭദ്രമാക്കുന്ന നിക്ഷേപപദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുള്ള പദ്ധതിയും തയ്യാറാക്കണം. നിക്ഷേപസാദ്ധ്യതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്.

കേരളത്തിന്റെ വികസന പദ്ധതികളിൽ പ്രവാസികളുടെ അനുഭവസമ്പത്തും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്താം. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളിൽ വൈദഗ്ദ്ധ്യമുള്ളവരെ കണ്ടെത്തുകയും അവരുടെ പരിജ്ഞാനം നാടിനു വേണ്ടി ഉപയോഗപ്പെടുത്തുകയും വേണം.

കുടിയേറ്റം നടത്തുന്ന മലയാളികൾക്ക് സംരക്ഷണം നൽകാനായി പ്രവാസികൾക്ക് സമഗ്ര ഇൻഷ്വറൻസ് കവറേജ് സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കാൻ കഴിഞ്ഞാൽ വിപ്ലവകരമായ പദ്ധതിയായി മാറുമെന്ന് ജെ.കെ. മേനോൻ പറഞ്ഞു.

ലോക കേരള സഭയിൽനിന്ന് ചിലർ വിട്ടുനിന്നത് വിഷമമുണ്ടാക്കിയിട്ടുണ്ട്. പ്രവാസികൾക്ക് ഒരു ജാതിയും ഒരു മതവും ഒരു രാഷ്ട്രീയവുമേയുള്ളു, അത് പ്രവാസിയെന്ന കൂട്ടായ്മയാണെന്നും ജെ.കെ. മേനോൻ വ്യക്തമാക്കി.

പ്രവാസലോകത്തോട് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ, ആദരം എന്നിവയ്ക്ക് ഉദാഹരണമാണ് ലോക കേരള സഭയുടെ ആരംഭവും ഇപ്പോൾ നടക്കുന്ന മൂന്നാം സമ്മേളനവും. പ്രവാസികൾക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികളോട് ഏറ്റവും അനുഭാവപൂർണമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ളതെന്നും ജെ.കെ. മേനോൻ പറ‍ഞ്ഞു.

Advertisement
Advertisement