രഞ്ജി ട്രോഫി: ഫൈനൽ മുംബയ്‌യും മദ്ധ്യപ്രദേശും തമ്മിൽ

Sunday 19 June 2022 1:32 AM IST

ബെംഗളൂരു: ഇത്തവണത്തെ രഞ്ജി ട്രോഫി ഫൈനലിൽ മുംബയ്‌യും മദ്ധ്യപ്രദേശും തമ്മിൽ ഏറ്രുമുട്ടും. സെമിയിൽ മദ്ധ്യപ്രദേശ് ബംഗാളിനെ 174 റൺസിന് കീഴടക്കിയാണ് ഫൈനലുറപ്പിച്ചത്. മുംബയ്‌യും ഉത്തർ പ്രദേശും തമ്മിലുള്ള മറ്റൊരു സെമി സമനിലയിൽ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ മുംബയ്ക്ക് ഫൈനലിന് ടിക്കറ്റ് കിട്ടുകയായിരുന്നു.

മദ്ധ്യപ്രദേശ് ഉയർത്തിയ 350 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന് അവസാന ദിനമായ ഇന്നലെ 96/4 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗാൾ 175 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ മദ്ധ്യപ്രദേശിന്റെ ഇടംകൈയൻ സ്പിന്നർ കുമാർ കാർത്തികേയയാണ് ബംഗാളിന്റെ ബാറ്റിംഗ് നിരയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഗൗരവ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ അഭിമന്യു ഈശ്വരന് മാത്രമാണ് ബംഗാൾ ബാറ്റിംഗ് നിരയിൽ പിടിച്ചുനിൽക്കാനായത്. 23 വർഷത്തിന് ശേഷമാണ് മദ്ധ്യ പ്രദേശ് രഞ്ജി ട്രോഫിയുടെ ഫൈനലിൽ എത്തുന്നത്.

മുംബയ്‌യും ഉത്തർ പ്രദേശും തമ്മിലുള്ള സെമിയുടെ അവസാനദിനം മഴ രസംകൊല്ലിയായി. 449/4 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മുംബയ് 533/4 എന്ന നിലയിൽ 746 റൺസിന്റെ കൂറ്റൻ ലീഡുമായി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് ഉത്തർ പ്രദേശ് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങാതെ തന്നെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ മുംബയ്‌‌യുടെ യുവ ഓപ്പണർ യശ്വസി ജയ്‌സ്വാളാണ് കളിയിലെ താരമായത്. 41 രഞ്ജി കിരീടങ്ങൾ ഇതുവരെ സ്വന്തമാക്കിയ മുംബയ് തന്നെയാണ് രഞ്ജിയിൽ ഏറ്രവും കൂടുതൽ തവണ ചാമ്പ്യന്മാരായ ടീം.സ്കോർ: മുംബയ് 393/10, 533/4 ഡിക്ലയേർഡ്, ഉത്തർപ്രദേശ് 180/10.

ഈ മാസം 22 മുതൽ 26വരെ ബെംഗളൂരുവിലാണ് ഫൈനൽ.

Advertisement
Advertisement