കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫും ബി.ജെ.പിയും
@ ബി.ജെ.പി മാർച്ച് ഇന്ന്
@ ജീവനക്കാരുടെ പ്രതിഷേധവും ഇന്ന്
@ വ്യക്തത വരുത്താതെ കോർപ്പറേഷൻ
കോഴിക്കോട്: കോർപ്പറേഷനിൽ നിയമം ലംഘിച്ചും സുരക്ഷാ മാനദന്ധങ്ങൾ പാലിക്കാതെയും നിർമിച്ച കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പറും പ്രവർത്തനാനുമതിയും ലഭിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. കെട്ടിട നിർമാണത്തിനും നമ്പറിനുമായി സാധാരണക്കാരെ വട്ടംചുറ്റിക്കുന്നതായി നേരത്തെ തന്നെ പരാതിയുള്ള ഓഫീസിലെ ക്രമക്കേടിനെതിരെ യു.ഡി.എഫും ബി.ജെ.പിയും തെരുവിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. സി.പി.എം ഉന്നത നേതാക്കളുടെയും ഇടനിലക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന വലിയ തട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണ് പുറത്തുവന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. കൃത്യമായ അന്വേഷണം നടത്താതെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനെതിരെ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനിക്കെതിരെ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. സഞ്ചയ സോഫ്റ്റ് വെയറിൽ ലോഗിൻ ചെയ്യുന്നതിനുള്ള ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ്‌വേഡും ചോർന്നതിന് വ്യക്തമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്കോ കോർപ്പറേഷൻ ഭരണസമിതിക്കോ സെക്രട്ടറിക്കോ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ മേയർ ഡോ.ബീന ഫിലിപ്പും തയ്യാറായിട്ടില്ല. പുറത്ത് നിന്ന് ഇടപെടലുകൾ നടന്നെന്ന് മാത്രമായിരുന്നു മേയറുടെ വിശദീകരണം.
ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട് , റവന്യൂ ഓഫീസർ, കോഴിക്കോട് ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇൻസ്‌പെക്ടർ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. കോർപ്പറേഷൻ നൽകിയ പരാതി കമ്മിഷണർ ഓഫീസിൽ നിന്ന് ടൗൺ സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കൽ, തിരുത്തിയാട് വാർഡുകളിലെ ആറ് കെട്ടിടങ്ങൾക്കാണ് അനധികൃത നമ്പർ നൽകിയതെന്നാണ് കണ്ടെത്തിയത്. എന്നാൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.
@ പാസ്‌വേഡ് ചോർത്തിയത്
ഇടനിലക്കാരെന്ന്
ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ചോർത്തിയത് ഇടനിലക്കാരാണെന്നാണ് കോർപ്പറേഷനിലെ ജീവനക്കാരുടെ നിലപാട്. ഇത്തരം ഇടപെടലുകൾക്കെതിരെ പരാതി നൽകിയിട്ടും ഗുണമുണ്ടായില്ലെന്നും പരാതി നൽകിയവരെ ഉൾപ്പടെ ശിക്ഷിക്കുന്ന നിലപാടാണ് കോർപ്പറേഷന്റേതെന്നും ജീവനക്കാർ ആരോപിക്കുന്നു.
@ കോർപ്പറേഷനിൽ പ്രതിഷേധ കാലം
പ്രതിഷേധം ശക്തമാക്കുന്ന യു.ഡി.എഫും ബി.ജെ.പിയും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. സസ്പെൻഷനിൽ പ്രതിഷേധിച്ച് ജീവനക്കാരും സമരത്തിനിറങ്ങും. ഇന്ന് ബി.ജെ.പി കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ യു.ഡി.എഫ് കൗൺസിലർമാർ 22ന് നിൽപ്പ് സമരം നടത്തും.
അന്വേഷണം നടത്താതെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള ജീവനക്കാരുടെ പ്രതിഷേധം ഇന്ന് രാവിലെ പത്തിന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടക്കും. അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരത്തിലേക്ക് ജീവനക്കാർ നീങ്ങും.