ശക്തമാകാതെ കാലവർഷം; വരണ്ടുണങ്ങി ഭാരതപ്പുഴ

Monday 20 June 2022 12:17 AM IST

ഒറ്റപ്പാലം: ജൂൺ മാസം അവസാനവാരം എത്തിയിട്ടും കാലവർഷം ശക്തമാകാത്തതിനെ തുടർന്ന് ഭാരതപ്പുഴയ്ക്ക് മൺസൂൺ സീസണിലും വരണ്ടമുഖം തന്നെ. വേനൽ പിന്നിട്ട് മഴക്കാലം തുടങ്ങിയെങ്കിലും ഇതുവരെ നല്ല മഴ ലഭിച്ചിട്ടില്ല. ഞാറ്റുവേലകൾ നാലെണ്ണം പിന്നിട്ടിട്ടും ഇതുവരെ മഴ ശക്തമായിട്ടില്ല. മകയിരം ഞാറ്റുവേലയിലും മഴ മടിച്ചു നിൽക്കുകയാണ്. അശ്വതി, ഭരണി, കാർത്തിക, രോഹിണി ഞാറ്റുവേലകൾ കർഷകരുടെ പ്രതീക്ഷക്കൊത്ത് മഴ നൽകിയില്ല. മൂന്നുനാൾ പിന്നിട്ടാൽ തിരുവാതിര ഞാറ്റുവേലയായി. ഞാറ്റുവേലകൾ പിഴച്ചതോടെ കർഷകരുടെ കൃഷിപണികളുടെ കണക്ക് കൂട്ടലും പിഴച്ചു. കാലവർഷം ദുർബലമായതോടെ പാടങ്ങളിൽ വെള്ളപ്രശ്നവും പ്രതിസന്ധിയായിരിക്കുകയാണ്. ഞാറ്റു പാടങ്ങളിൽ 28 ദിവസത്തെ മൂപ്പെത്തിയ ഞാറുകൾ 40 ദിവസം കഴിഞ്ഞിട്ടും പറിച്ചുനടാൻ കഴിയാത്ത അവസ്ഥയിലാണ് ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെ കർഷകർ.

ഒന്നാംവിള കൃഷിയിറക്കിന് മഴ കുറവ് സാരമായി ബാധിച്ചതായി കർഷകർ പറഞ്ഞു. മഴ കുറവ് കാരണം ഭാരതപ്പുഴയടക്കം ജലാശയങ്ങളിൽ ജലസമൃദ്ധി ഇല്ലാത്ത അവസ്ഥയാണ്. ഒറ്റപ്പെട്ട മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. കനത്ത മഴ പ്രതീക്ഷിച്ച് ഷൊർണൂരിലെ ഭാരതപ്പുഴ ഷട്ടർ തുറന്നിട്ടിരുന്നു. എന്നാൽ മഴ പെയ്യാതിരിക്കുകയും തടയണ തുറന്നിടുകയും ചെയ്തതോടെ ഇവിടെ സംഭരിച്ചിരുന്ന വെള്ളം വലിയതോതിൽ ഒഴുകിപ്പോയി. ഇത് ഷൊർണൂർ നഗരസഭയിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഞാറ്റുവേലകളിൽ വിശ്വസിക്കുന്നവർ തിരിമുറിയാത്ത തിരുവാതിര ഞാറ്റുവേലക്കായി കാത്തിരിക്കുകയാണ്.

Advertisement
Advertisement