വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

Monday 20 June 2022 12:00 AM IST

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തി വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ.

ഇന്നലെ പുലർച്ചെ ഒരുമണിക്ക് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മണ്ണഞ്ചേരി ആപ്പൂർ അനുഗ്രഹാലയത്തിൽ അമ്പാടി കണ്ണൻ (25) ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അഞ്ച് ദിവസം മുമ്പ് ജിമ്മിൽ പരിശീലനത്തിനിടെ കാലിൽ ഭാരം വീണതിന്റെ വേദനയുണ്ടെന്ന് പറഞ്ഞാണ് യുവാവ് ചികിത്സ തേടിയത്. പരിശോധിക്കുന്നതിനിടെ ഇയാൾ ഡോക്ടറുടെ കൈയിൽ കടന്നു പിടിച്ചു. തുടർന്ന് വാക്കേറ്റമുണ്ടായതോടെ പ്രതി ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ജീവനക്കാർ ആശുപത്രി ഉടമയേയും പൊലീസിനെയും വിവരമറിയിച്ചതോടെ പ്രതിക്കൊപ്പമുണ്ടായിരുന്നയാൾ സ്ഥലത്ത് നിന്ന് കടന്നു. സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസിനോട് തർക്കിച്ച് നിന്ന യുവാവ് പരസ്യമായി പൊലീസിനെ വെല്ലുവിളിച്ചു. രണ്ടാഴ്ച് മുമ്പ് ഒരു പെൺകുട്ടിയുടെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതിന് ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.