എ പ്ളസിന്റെ സന്തോഷം , ഗവിയിലേക്ക് നേതാജി സ്കൂൾ വിദ്യാർത്ഥികളുടെ പിക്‌നിക്ക്

Monday 20 June 2022 12:44 AM IST
പ്രമാടം നേതാജി സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഗവി യാത്ര

പത്തനംതിട്ട : ലോക പിക്‌നിക് ദിനത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവി യാത്ര നടത്തി. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ഗവിയിലേക്ക് കൊണ്ടുപോയാണ് സന്തോഷം പങ്കുവച്ചത്. ആർപ്പോ നേതാജി എന്ന് പേരിട്ട സർപ്രൈസ് പിക്‌നിക്ക് വനം വകുപ്പിന്റെ അനുമതിയോടെയാണ് നടത്തിയത്. പറഞ്ഞുകേട്ട ഗവി യാത്രയിലെ അനുഭവങ്ങൾ അപ്രതീക്ഷിതമായി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാർത്ഥികൾ. കാട്ടിലൂടെയുള്ള യാത്ര അവർ ശരിക്കും ആഘോഷിച്ചു. കാടിന്റെ ഭംഗി ആസ്വദിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും പൊതിച്ചോറുണ്ടു. ഗവി സന്ദർശിക്കാൻ വന്നവർ കുട്ടികളെ അഭിനന്ദിക്കാനെത്തിയതും കൗതുകമുണ്ടാക്കി. ഗവി യാത്രയിൽ വച്ചു തന്നെ കുട്ടികൾക്കുള്ള ഉപഹാരവും വിതരണം ചെയ്തു.