സാമ്പ്രാണിക്കോടി തുരുത്ത് പോക്കറ്റിലാക്കാൻ പിടിവലി
കൊല്ലം: പരിമിതമായ കാലത്തിനിടയിൽ സംസ്ഥാനത്തെ ശ്രദ്ധേയ വിനോദസഞ്ചാര കേന്ദ്രമായി മാറിയ അഷ്ടമുടി കായലിലെ സാമ്പ്രാണിക്കോടി തുരുത്തിനായി കൊല്ലം കോർപ്പറേഷനും തൃക്കരുവ പഞ്ചായത്തും തമ്മിൽ പിടിവലി.
സാമ്പ്രാണിക്കോടിയുടെ കുറച്ച് ഭാഗം കൊല്ലം കോർപ്പറേഷൻ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്ക് കത്ത് നൽകാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ അധികൃതർ.
ഡി.ടി.പി.സിയാണ് നിലവിൽ സാമ്പ്രാണിക്കോടിയുടെ പരിപാലനം നിർവഹിക്കുന്നത്. എന്നാൽ ഇവിടുത്തെ പാർക്കിംഗ് കേന്ദ്രം നടത്തുന്നത് തൃക്കരുവ പഞ്ചായത്താണ്. ഇവിടെ ടേക്ക് എ ബ്രേക്ക് സെന്റർ തുടങ്ങാനും പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എന്നാൽ ശുചീകരണത്തിലും കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് കോർപ്പറേഷൻ ഇടപെടലിന് ഒരുങ്ങുന്നത്. ഇവിടുത്തെ മത്സ്യ സമ്പത്തും കണ്ടൽ മരങ്ങളും സംരക്ഷിക്കാനായി ശുചീകരണ യജ്ഞവും നഗരസഭയുടെ ആലോചനയിലുണ്ട്. കോർപ്പറേഷന്റെ ഭൂപടത്തിൽ സാമ്പ്രാണിക്കോടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഗിൾ മാപ്പ് പരിശോധിച്ചപ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമായതായും കോർപ്പറേഷൻ അധികൃതർ പറയുന്നു.
അവകാശിയെ കണ്ടെത്താൻ ഡി.ടി.പി.സി
സാമ്പ്രാണിക്കോടിയുടെ സംരക്ഷണത്തിനായി സീറോ പ്ലാസ്റ്റിക് പദ്ധതി, കച്ചവടക്കാരെ നിയന്ത്രിക്കൽ, ലൈഫ് ഗാർഡിനെ നിയമിക്കൽ, ജിയോ ട്യൂബ് സ്ഥാപിക്കൽ അടക്കമുള്ള നിരവധി നടപടികൾ ഡി.ടി.പി.സിയോട് കളക്ടർ നിർദ്ദേശിച്ചിരുന്നു. ഇവ നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണ കൂടി വേണം. ഇതിന്റെ ഭാഗമായി ഡി.ടി.പി.സി ആവശ്യപ്പെട്ട പ്രകാരം യഥാർത്ഥ ഉടമയെ കണ്ടെത്താൻ റവന്യു വകുപ്പ് സർവേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് പുറത്ത് വരുന്നതോടെ തർക്കത്തിന് വിരാമമാകും.