മത്സ്യസമ്പത്തില്ലാതെ വേമ്പനാട് കായൽ

Tuesday 21 June 2022 3:18 AM IST

 മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ


കൊച്ചി: ഉദയംപേരൂരിൽ നിന്ന് കഴിഞ്ഞദിവസം പുലർച്ചെ 4.30ന് വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോയ മൂവർ സംഘം ഉച്ചയ്ക്ക് ഒന്നുവരെ കിലോമീറ്ററുകളോളം വള്ളം തുഴഞ്ഞ് വലയെറിഞ്ഞിട്ടും കിട്ടിയത് വെറും 700 ഗ്രാം കരിമീൻ. 10 വർഷം മുമ്പ് ഒരു വള്ളക്കാർക്ക് ഉച്ചവരെ ശരാശരി 300 കിലോവരെ മത്സ്യം നൽകിയ വേമ്പനാട് കായൽ ഇന്ന് മത്സ്യസമ്പത്തില്ലാതെ കണ്ണീർവാർക്കുന്നു!

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാർഗവും വഴിമുട്ടി. രൂക്ഷമായ മലിനീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും വേമ്പനാട് കായലിന്റെ ആവാസവ്യവസ്ഥ തകർത്തതാണ് പ്രതിസന്ധിയായത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിലായി 3000ലേറെ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ് ദിവസം ഒരുകിലോ മീൻപോലും കിട്ടാതെ ദുരിതത്തിലായത്.

കായലിൽ ഖര, ദ്രവ്യ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ നിക്ഷേപിക്കപ്പെട്ടതിനൊപ്പം എക്കലും മണലും അടിഞ്ഞ് ആഴം കുറഞ്ഞതും പോളപ്പായൽ നിറഞ്ഞ് ജലോപരിതലം മൂടിയതുമാണ് മത്സ്യസമ്പത്തിന്റ ശോഷണത്തിന് കാരണം. സാധാരണ ട്രോളിംഗ് നിരോധിക്കുന്ന ജൂൺ- ആഗസ്റ്റ് മാസങ്ങളിൽ കായൽ മത്സ്യങ്ങളായിരുന്നു വിപണിയിലെ മുമ്പന്മാർ.

ജൂണിൽ തുടങ്ങുന്ന സീസൺ 6 മാസത്തോളം നീളും. ഈ 6 മാസത്തെ വരുമാനം കൊണ്ടാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വർഷം മുഴുവൻ സുഭിക്ഷമായി ജീവിച്ചിരുന്നത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് അറ്റകുറ്റപ്പണി, ചികിത്സ തുടങ്ങി എല്ലാ കാര്യങ്ങൾക്കും വരുമാനം ഉതകുമായിരുന്നു.

പ്രതാപം മായുന്ന പേരൂർ

ഉദയംപേരൂർ പഞ്ചായത്തിലും സമീപത്തും മുമ്പ് 3000ലേറെ ചീനവലകൾ ഉണ്ടായിരുന്നു. ഇന്ന് അവ പഴങ്കഥയായി. കട്ല, കൂരി, തിരുത, ചെമ്പല്ലി, വറ്റ, നാരൻ ചെമ്മീൻ എന്നിവയായിരുന്നു വർഷകാലത്ത് കായലിൽ നിന്ന് ലഭിച്ചിരുന്നത്. നാരൻ ചെമ്മീൻ വൻതോതിൽ കയറ്റുമതിയും ചെയ്‌തിരുന്നു.

ഇന്ന് നാരൻ ചെമ്മീൻ ആന്ധ്രാപ്രദേശിൽനിന്നാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. നേവിക്കടുത്ത് വെണ്ടുരുത്തി പാലത്തിന് സമീപം നല്ലതോതിൽ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവിടെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.

''മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കിയതോടൊപ്പം വേമ്പനാട്ട് കായലിന്റെ സർവനാശത്തിന് വഴിതെളിച്ചതിൽ മുഖ്യപങ്ക് വൻകിട വ്യവസായ ശാലകൾക്കും അവർക്ക് ഒത്താശ നൽകുന്ന ട്രേഡ് യൂണിയൻ നേതാക്കൾക്കുമാണ്. വേലിയേറ്ര സമയത്തെ ഡ്രഡ്ജിംഗും തിരിച്ചടിയായി. മുമ്പ് അഞ്ചാൾ താഴ്ചയുണ്ടായിരുന്ന കായലിന് ഇപ്പോൾ ഒരാൾ താഴ്ചപോലുമില്ലാതായി""

പി.എം. രവീന്ദ്രൻ,

ധീവരസഭ ഉദയംപേരൂർ

പഞ്ചായത്ത് സെക്രട്ടറി

Advertisement
Advertisement