കെ.എസ്‌.ഐ.എൻ.സിയുടെ അമൃത ഓയിൽ ബാർജ് സജ്ജം

Tuesday 21 June 2022 12:49 AM IST

കൊച്ചി: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ(കെ.എസ്‌.ഐ.എൻ.സി) പുതിയ സംരംഭമായ അമൃത ഓയിൽ ബാർജ്ജ് സർവ്വീസിന് സജ്ജമായി. 300 മെട്രിക് ടൺ ക്ഷമതയാണ് അമൃതയ്ക്ക് ഉള്ളത്. കൊച്ചിയിൽ നിന്ന് കേരള മിനറൽസ് ആൻഡ് മെ​റ്റൽസിലേക്ക് ഫർണസ് ഓയിൽ എത്തിക്കൽ ലക്ഷ്യംവച്ചാണ് അമൃത നിർമ്മിച്ചത്. തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടറുകളുടെ പണി പൂർത്തിയാക്കിയാൽ ഈ റൂട്ടിൽ സർവ്വീസ് ആരംഭിക്കും.

36.40 മീ​റ്റർ നീളവും 8.75 മീ​റ്റർ വീതിയും 2.35 മീ​റ്റർ ഉയരവും വരുന്ന അമൃതയുടെ സേവനം ആവശ്യപ്പെട്ട്‌വിവിധ മേഖലകളിൽനിന്ന് ആവശ്യം ഉയർന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ആവശ്യത്തിനും സ്വകാര്യകമ്പനികൾക്കും അമൃതയുടെ സേവനം ഇപ്പോൾ തന്നെ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അപകടകരമായ വസ്തുക്കൾ ദീർഘകാലാടിസ്ഥാനത്തിൽ റോഡ് മാർഗ്ഗമല്ലാതെ ജലഗതാഗതം മുഖേന നടത്തണം എന്ന സർക്കാർ നയത്തിനനുസൃതമായാണ് ഈ സംരംഭം.

നാലര കോടി ചെലവാക്കി സ്വന്തം യാർഡിലാണ് കെ.എസ്.ഐ.എൻ.സി. നിർമാണം പൂർത്തിയാക്കിയത്. ഐ.ആർ.എസ് സർട്ടിഫിക്കേഷൻ ഉള്ള അമൃതയ്ക്ക് കൊച്ചിൻ പോർട്ട് ട്രസ്​റ്റ് ലൈസൻസും കിട്ടിയിട്ടുണ്ട്. ഫർണസ് ഓയിൽ കൂടാതെ പെട്രോളിയം ലൈസൻസും ഉള്ള ബാർജിന് പുറംകടലിൽ പോയി വലിയ കപ്പലുകളിൽ ഇന്ധനം നിറയ്ക്കാനും കഴിയും.

 കൊവിഡിന് ശേഷം നല്ലകാലം

ചരക്കുഗതാഗത മേഖലയിൽ പുതിയ ആസിഡ് ബാർജുകളും ഓയിൽ ബാർജുകളും അടക്കം ഇരുപതോളം കപ്പലുകളും ബാർജ്ജുകളും റോറോ വെസലുകളും ജങ്കാറുകളും, ലക്ഷ്വറി ടൂറിസം ക്രൂസ് വെസലുകളും കെ.എസ്.ഐ.എൻ.സിക്ക് നിലവിൽ ഉണ്ട്. കൊവിഡിന് ശേഷം ചരക്കു സേവനമേഖലയും ടൂറിസവും മെച്ചപ്പെട്ടതോടെ നല്ല മാർക്ക​റ്റ് ഡിമാൻഡ് അനുഭവപ്പെടുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

 ഉൾനാടൻ ജലപാതകൾ നവീകരിക്കുന്ന സർക്കാർ പദ്ധതിയുടെ വേഗത്തിലുള്ള പുരോഗതി കെ.എസ്.ഐ.എൻ.സിക്ക് അനുകൂല ഘടകമാണ്.

പ്രശാന്ത് നായർ,

മനേജിംഗ് ഡയറക്ടർ

Advertisement
Advertisement