നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധന വിചാരണ നീട്ടാനോയെന്ന് ഹൈക്കോടതി

Tuesday 21 June 2022 12:20 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെങ്കിലും അതിലുള്ള എട്ടു വീഡിയോകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്നാണ് ഫോറൻസിക് ലാബ് ഡയറക്ടർ സ്റ്റേറ്റ്‌മെന്റിൽ പറയുന്നതെന്നും ആ നിലയ്ക്ക് ദൃശ്യങ്ങൾ അനധികൃതമായി കൈകാര്യം ചെയ്തെന്നോ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്നോ എങ്ങനെ പറയാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്കു നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ചോദ്യം. വീഡിയോകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് ഫോറൻസിക് ലാബ് ഡയറക്ടർ പറയുമ്പോൾ, മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയെന്നു സർക്കാർ പറയുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി പ്രോസിക്യൂഷന്റെ ആവശ്യം അത്ര നിഷ്‌കളങ്കമല്ലെന്നും വാക്കാൽ പറഞ്ഞു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. മെമ്മറി കാർഡ് അനധികൃതമായി കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ തന്റെ ഭാവിയെ ബാധിക്കുമെന്ന് നടി അഭിഭാഷക മുഖേന വിശദീകരിച്ചു. ഹർജിയിൽ കക്ഷി ചേർന്ന നടൻ ദിലീപിന്റെ വാദത്തിനായി ഹർജി ഇന്നു പരിഗണിക്കും.

 'ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുത്'

കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറികാർഡ് 2018 ഡിസംബർ 13ന് അനധികൃതമായി കൈകാര്യം ചെയ്തെന്നും ഹാഷ് വാല്യൂ മാറിയെന്നും ഫോറൻസിക് അധികൃതർ 2020 ജനുവരി 29ന് വിചാരണക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ കോടതി ഇതു രഹസ്യമാക്കി വച്ചെന്നും മെമ്മറി കാർഡ് പരിശോധനയ്ക്കു വിടണമെന്ന ആവശ്യം ഒരു മാസം കഴിഞ്ഞാണ് നിരസിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണക്കോടതി കേസ് വൈകിച്ചെന്നു പറയരുതെന്നും ജഡ്‌ജിക്കെതിരെ ഇത്തരത്തിൽ സംസാരിക്കരുതെന്നും ഹൈക്കോടതി താക്കീതു നൽകി.

മെമ്മറി കാർഡിന്റെ പരിശോധനയിലൂടെ എന്താണ് പ്രോസിക്യൂഷൻ തെളിയിക്കാൻ ശ്രമിക്കുന്നത്? മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലാണെതെന്നതിനാൽ ദൃശ്യങ്ങൾ ചോർന്നെന്ന ആശങ്ക വേണ്ട. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് ജുഡിഷ്യൽ ഓഫീസർ പരിശോധിച്ചാലും ഹാഷ് വാല്യൂ മാറില്ലേ? അങ്ങനെ പരിശോധിക്കുന്നതിൽ നിയമപരമായി എന്താണ് തെറ്റെന്നും സിംഗിൾബെഞ്ച് ചോദിച്ചു.

കോടതിക്ക് പരിശോധിക്കാൻ പെൻഡ്രൈവിൽ ദൃശ്യങ്ങൾ പകർത്തി നൽകിയിട്ടുണ്ടെന്നും മെമ്മറി കാർഡ് ഫോറൻസിക് വിദഗ്ദ്ധന്റെ സഹായത്തോടെ മാത്രമേ പരിശോധിക്കാനാവൂവെന്നും നടിക്കുവേണ്ടി ഹാജരായ ടി.ബി. മിനി വാദിച്ചു.

Advertisement
Advertisement