സുജയുടെ വീട്ടിലേക്ക് വഴി: റവന്യു മന്ത്രി റിപ്പോർട്ട് തേടി

Tuesday 21 June 2022 12:28 AM IST

പത്തനംതിട്ട: തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഭർത്താവിനെ ചുമലിലേറ്റി നടക്കുന്ന ചരൽക്കുന്ന് പെരുമ്പാറ ചരുവിൽ സുജയുടെ വീട്ടിലേക്ക് വഴിയൊരുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ റവന്യു മന്ത്രി കെ. രാജൻ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർക്ക് നിർദേശം നൽകി.

'ഈ ചുമലിൽ ഭാരമല്ല, ജീവന്റെ ജീവൻ' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ നൽകിയ വാർത്തയിൽ ഭർത്താവ് ദാസിനെ തോളിലേറ്റി എട്ടു വർഷമായി വീടിന് സമീപത്തെ റോഡിലേക്കുള്ള കുന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സുജയുടെ ദയനീയ സ്ഥിതി വിവരിച്ചിരുന്നു. ദാസിനെ മാസം തോറും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നതിനാണ് സുജയുടെ യാത്ര. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപടൽ. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ തിരുവല്ല തഹസിൽദാരെ കളക്ടർ ചുമതലപ്പെടുത്തി.

 ദാസിന് അര ലക്ഷം

ദാസിന് തൊഴിൽ വകുപ്പിന്റെ അര ലക്ഷം രൂപ ധനസഹായം ലഭിക്കും. മരം കയറ്റ തൊഴിലാളി സഹായ നിധിയിൽ നിന്നാണിത്. എട്ടു വർഷം മുൻപ് തെങ്ങിൽ നിന്ന് വീണ ദാസ് ധനസഹായത്തിന് അപേക്ഷിച്ചിരുന്നില്ല. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ ലേബർ ഓഫീസ് അധികൃതർ ധനസഹായത്തിനുള്ള അപേക്ഷ ദാസിന്റെ വീട്ടിലേക്ക് അയച്ചുകൊടുത്തു. അപേക്ഷ നൽകാൻ വൈകിയതിന്റെ അപാകതകൾ പരിഹരിച്ച് ധനസഹായം നൽകുമെന്ന് ഡെപ്യൂട്ടി ലേബർ ഓഫീസർ എസ്. സുരാജ് പറഞ്ഞു.

 മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കേരളകൗമുദി വാർത്ത സഹിതം വിവരാവകാശ പ്രവർത്തകനായ പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറ നൽകിയ പരാതിയിലാണ് നടപടി. റവന്യു മന്ത്രി, ജില്ലാ കളക്ടർ, വികലാംഗ ക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസർ, സാമൂഹിക നീതി ഓഫീസർ, തിരുവല്ല താലൂക്ക് തഹസിൽദാർ എന്നിവർക്കും റഷീദ് പരാതി നൽകി.

Advertisement
Advertisement