ഡോ. എം. ശശികുമാർ എൻ.എസ്.എസ് പ്രസി‌ഡന്റ്

Monday 20 June 2022 11:59 PM IST

പെരുന്ന: എൻ.എസ്.എസ് പ്രസിഡന്റായി നിലവിലെ ട്രഷറർ ഡോ. എം. ശശികുമാറിനെയും ട്രഷററായി അഡ്വ. എൻ.വി. അയ്യപ്പൻ പിള്ളയെയും ബഡ്ജറ്റ് സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അനാരോഗ്യത്തെ തുടർന്ന് ചുമതല ഒഴിയുകയായിരുന്നു. പുതുതായി 9 ഡയറക്ടർ ബോർഡ് അംഗങ്ങളും ചുമതലയേറ്റു.

കായംകുളം സംഗമത്തിൽ പരേതരായ കൊച്ചാട്ട് മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനാണ് ഡോ. ശശികുമാർ. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റായിരുന്ന പിതാവിന്റെ നിര്യാണത്തെ തുടർന്നാണ് നേതൃനിരയിലെത്തിയത്. 44 വർഷമായി ചവറയിൽ അലോപ്പതി ക്ളിനിക്ക് നടത്തുന്നു. മൂന്ന് പതിറ്റാണ്ടോളം കാർത്തികപ്പള്ളി യൂണിയനെ നയിച്ചു. പന്ത്രണ്ട് വർഷമായി എൻ.എസ്.എസ് ട്രഷററാണ്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ശശികുമാർ പറഞ്ഞു. ചവറ സ്വദേശി സേതുലക്ഷ്മി കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ: ഉഷസ് (ചെന്നൈ), സന്ധ്യ (തിരുവനന്തപുരം). മരുമക്കൾ: ദേഷ്, പ്രവീൺ.

കരുനാഗപ്പള്ളി യൂണിയനിൽ നിന്നുള്ള അഡ്വ. എൻ.വി. അയ്യപ്പൻ പിള്ള ദീർഘനാളായി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഒഴിവിലേക്ക് എം. സംഗീത്കുമാർ (തിരുവനന്തപുരം), കെ.ആർ. ശിവൻകുട്ടി (പന്തളം), സി.പി. ചന്ദ്രൻ നായർ (മീനച്ചിൽ), ജി. മധുസൂദനൻ പിള്ള (ചിറയൻകീഴ് ) ഡി.അനിൽകുമാർ (തിരുവല്ല), കെ.പി.നാരായണ പിള്ള (കുട്ടനാട്), എം.പി.ഉദയഭാനു (തലശേരി), മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), ആർ.ഹരിദാസ് (പത്തനംതിട്ട) എന്നിവരാണ് ചുമതലയേറ്റത്.