ഹോർട്ടി കോർപ്പ് കൂടുതൽ വിപണന സ്റ്റാളുകൾ തുറക്കും, നമ്മുടെ നാട്ടിൽ നമ്മുടെ പച്ചക്കറി

Tuesday 21 June 2022 12:34 AM IST

പത്തനംതിട്ട : കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ ലഭ്യമാക്കുന്ന കൃഷി വകുപ്പിന്റെ ഹോർട്ടി കോർപ്പ് വിപണന സ്റ്റാളുകൾ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തുറക്കുന്നതിന് നടപടികൾ തുടങ്ങി. നിലവിൽ പള്ളിക്കൽ, കൊടുമൺ, കോഴഞ്ചേരി, ആറൻമുള പഞ്ചായത്തുകളിൽ മാത്രമാണ് വിപണന സ്റ്റാളുകൾ ഉള്ളത്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളുടെ കൊള്ളവില തടയാനും ഉദ്ദേശിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് പഞ്ചായത്തുകൾ തോറും സ്റ്റാളുകൾ തുടങ്ങുന്നത്.

കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറികൾ ന്യായമായ നിരക്കിൽ വിൽപ്പന നടത്തുന്നതിലൂടെ ഹോർട്ടികോർപ്പ് സ്റ്റാളുകൾ ജനശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്ത് വലിയ തോതിൽ കൃഷിയില്ലാത്തതും തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്നതുമായ സവാള, തക്കാളി, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി എന്നിവയ്ക്ക് വിലയേറുമ്പോൾ സർക്കാർ സഹായത്തോടെ വില കുറച്ച് വിറ്റ് ഹോർട്ട് കോർപ്പ് പച്ചക്കറി വിപണിയിൽ ഇടപെട്ടിരുന്നു. തക്കാളി വില കുതിച്ചപ്പോൾ നഗരങ്ങളിൽ തക്കാളി വണ്ടികളിറക്കി വില കുറച്ച് നൽകി.

ഹോർട്ടികോർപ്പ് സ്റ്റാളുകൾ പഞ്ചായത്തുകൾ തോറും തുറക്കുന്നത് നാടൻ പച്ചക്കറി കൃഷിയിൽ കുതിച്ചുച്ചാട്ടമുണ്ടാക്കുമെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ.

കർഷകർ എത്തിക്കുന്ന പച്ചക്കറികൾ

പയർ, പാവയ്ക്ക, കോവയ്ക്ക, വഴുതന, ഏത്തയ്ക്ക, ചേന, ചേമ്പ്, വെള്ളരി, ഇഞ്ചി, പച്ചമുളക്.

സാധനങ്ങളുട‌െ കുറവ് പ്രതിസന്ധി

ഗ്രാമപ്രദേശങ്ങളിൽ പച്ചക്കറി ഉൽപ്പാദനത്തിന് തുടർച്ചയില്ലാത്തത് ഹോർട്ടി കോർപ്പ് സ്റ്റാളുകളിൽ സാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കും. പച്ചക്കറികളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് ഹോർട്ടികോർപ്പ് അധികൃതർ പറയുന്നത്. ആവശ്യക്കാർക്കെല്ലാം നൽകാൻ സാധനങ്ങളില്ലാതെ വരുന്നു. പഞ്ചായത്തുകൾ തോറും സ്റ്റാളുകൾ തുറക്കണമെങ്കിൽ നാടൻ പച്ചക്കറി കൃഷി വ്യാപിക്കണം. 54 ഇനം പച്ചക്കറികളുടെ പട്ടിക ഹോർട്ടി കോർപ്പ് സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ഇനങ്ങൾക്ക് ക്ഷാമമുണ്ട്. ഇതു പരിഹരിക്കാൻ തമിഴ്നാട്ടിൽ നിന്ന് ഇറക്കിയ പച്ചക്കറികളുടെ വില നൽകാനുള്ളതിനാൽ ഇടനിലക്കാർ ഇടഞ്ഞു നിൽക്കുകയാണ്. ജില്ലയിൽ രണ്ടാഴ്ച വരെയുള്ള കുടിശിക കൊടുത്തു തീർക്കാനുണ്ട്.

'' പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹോർട്ട് കോർപ്പ് സ്റ്റാളുകൾ തുടങ്ങാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോട‌ൊപ്പം പച്ചക്കറി കൃഷി വ്യാപകമാക്കാനും പദ്ധതികളുണ്ട്.

ജില്ലാ ഹോർട്ടി കോർപ്പ് അധികൃതർ.

Advertisement
Advertisement