ന്യൂജെൻ ലഹരിയിൽ കറങ്ങി യുവത്വം

Tuesday 21 June 2022 1:29 AM IST

കൊല്ലം: പുതുതലമുറയിലെ യുവാക്കൾ ഒത്തുകൂടുന്ന ആഘോഷങ്ങൾക്ക് കൂട്ടായി ന്യൂജെൻ ലഹരിയുടെ ഒഴുക്ക്. നൈജീരിയ, ആഫ്രിക്കപോലുള്ള വിദേശരാജ്യങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നാണ് ഇപ്പോൾ സംസ്ഥാനത്തേക്ക് ഒഴുകുന്നത്.

മറ്റുള്ളവയെ അപേക്ഷിച്ച് കൈവശം വയ്ക്കാൻ സുഗമമായതും പരിശോധനയിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമായതിനാലാണ് യുവാക്കൾ ഇതിലേക്ക് തിരിഞ്ഞത്. ഈ വർഷം മാത്രം കോടിക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് പൊലീസും എക്സൈസും പിടികൂടിയത്.

ഒരു ഗ്രാമിന് ഏകദേശം 5000 രൂപ വരെ വിലയുള്ള എം.ഡി.എം.എ ഒരാഴ്ചയ്ക്കിടെ കരുനാഗപ്പള്ളിയിൽ മാത്രം ഏകദേശം 100 ഗ്രാമിന് മുകളിലാണ് പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത്.

ഗോവ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ എം.ഡി.എം.എ ഉപയോഗം നേരത്തെതന്നെ കണ്ടെത്തിയെങ്കിലും വ്യാപക രീതിയിൽ സംസ്ഥാനത്തേക്കെത്തുന്നത് അടുത്തിടെയാണ്. അര ഗ്രാം പോലും കൈവശം വയ്ക്കുന്നത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിരവധിതവണ ഇത്തരത്തിൽ ഒരാളിൽ നിന്ന് പിടികൂടിയാൽ മരണശിക്ഷ വരെ ലഭിച്ചേക്കാം.

എന്താണ് എം.ഡി.എം.എ?​

1. വിലപിടിച്ച മയക്കുമരുന്നുകളുടെ ഗണത്തിലാണ് മെത്തലീൻ ഡയോക്‌സി മെത്താംഫീ​റ്റമിൻ അഥവാ എം.ഡി.എം.എ അറിയപ്പെടുന്നത്

2. സിന്ത​റ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു

3. ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലാകും

4. അളവും ഉപയോഗക്രമവും തെറ്റിയാൽ മരണം വരെ സംഭവിക്കാം

5. മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനമുണ്ട്

6. മനോരോഗ വിദഗ്ദ്ധർ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോൾ ഉപയോഗിക്കാനാകില്ല

7. നിലവിൽ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മാത്രമാണ് ഇളവ് നൽകുന്നത്

8. ഹൃദ്റോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകും

എം.ഡി.എം.എ ആദ്യമായി നിർമ്മിച്ചത് ​- 1912ൽ

അന്യസംസ്ഥാനങ്ങളിൽ നിന്ന് എം.ഡി.എം.എ വ്യാപകമായി യുവാക്കളിൽ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് വ്യാപാരം നടത്തുന്നത്.

ബി. സുരേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ, കൊല്ലം


എം.ഡി.എം.എയുടെ വരവ് തടയുന്നത് ലക്ഷ്യമിട്ട് സജീവമായ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന എം.ഡി.എം.എ പോലുള്ളവയുടെ ഉപയോഗം ഒഴിവാക്കണം.

വി. റോബർട്ട്, അസി.എക്സൈസ് കമ്മിഷണർ, കൊല്ലം

Advertisement
Advertisement