ഇത് ചരിത്ര നേട്ടം, A++​​​​​​​ സ്വന്തമാക്കി കേരള സര്‍വകലാശാല, ലഭിക്കുക 800 കോടിയുടെ പദ്ധതികള്‍

Tuesday 21 June 2022 3:13 PM IST

തിരുവനന്തപുരം: ചരിത്രനേട്ടത്തിന്റെ നിറവിൽ കേരള സർവകലാശാല. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ (NAAC) റീ അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് 'A++' ഗ്രേഡ് ലഭിച്ചു. ആദ്യമായിട്ടാണ് കേരളത്തിലെ ഒരു സര്‍വകലാശാല ഈ നേട്ടം സ്വന്തമാക്കുന്നത്.

ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍ 'B++' ഉം 2015ല്‍ 'A' ഗ്രേഡുമാണ് കേരള സര്‍വകലാശാല സ്വന്തമാക്കിയത്. ​​​'A++' ലഭിച്ചതോടെ 800 കോടിയുടെ പദ്ധതികൾ യു.ജി.സിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കും. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പ്രവർത്തനങ്ങളാണ് ഈ നേട്ടം സ്വന്തമാക്കാൻ സഹായകരമായത്.

NAAC സംഘം എത്തുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുക. പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പ്രതികരിച്ചു. നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Advertisement
Advertisement