പില്ലറിന്റെ ബലക്ഷയം പരിഹരിച്ചു: മെട്രോ സാധാരണ നിലയിൽ

Wednesday 22 June 2022 12:52 AM IST

കൊച്ചി: കൊച്ചി മെട്രോയിൽ പത്തടിപ്പാലത്തെ പില്ലറിന്റെ ബലക്ഷയം പരിഹരിച്ച് രണ്ടു പാളം വഴിയും ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രണ്ടു മാസമായി ഓടിക്കാതിരുന്ന പാളത്തിലൂടെ ട്രെയിൻ ഓടിച്ചുതുടങ്ങി. ഏഴര മിനിറ്റ് ഇടവേളകളിൽ സർവീസ് വീണ്ടും ആരംഭിച്ചു.

ആലുവ -പേട്ട റൂട്ടിൽ പത്തടിപ്പാലത്തെ 347ാം പില്ലറിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് ഒരു ട്രാക്ക് വഴിയായി ട്രെയിനോട്ടം നിയന്ത്രിച്ചത്. പില്ലറിന് നേരിയ ബലക്ഷയം കണ്ടെത്തിയിരുന്നു. തുടർന്ന് പാത നിർമ്മിച്ച എൽ.ആൻഡ് ഡിയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സംയുക്തമായ പരിശോധിച്ചിരുന്നു. പില്ലറിന് ചുറ്റും നാല് അധിക പൈലുകൾ അടിച്ചു. പൈലുകളെ പില്ലറുമായി പൈൽ ക്യാപ്പുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചു. എൽ ആൻഡ് ഡിയാണ് ബലപ്പെടുത്തൽ നടത്തിയത്.

ഇടപ്പള്ളി -ആലുവ റൂട്ടിൽ ഇടതു വശത്തെ പില്ലറിൽ ഭാരശക്തി പരിശോധന നടത്തിയിരുന്നു.തുടർന്ന് തിങ്കളാഴ്ച രാത്രി ട്രയൽ സർവീസ് നടത്തി ബലം പരിശോധിച്ചിരുന്നു. പില്ലറിന്റെ ബലം ഭദ്രമെന്ന് ഉറപ്പാക്കിയശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ന് ആദ്യ ട്രെയിൽ യാത്രക്കാരുമായി ആലുവ ഭാഗത്തേയ്ക്ക് കടത്തിവിട്ടത്.

ഇന്നു മുതൽ തിങ്കൾ മുതൽ ശനി വരെ തിരക്കുള്ള സമയങ്ങളിൽ ഏഴര മിനിറ്റും മറ്റു സമയങ്ങളിൽ എട്ടര മിനിറ്റും ഇടവിട്ട് സർവീസുകൾ നടത്തുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. ഇതോടെ പത്തടിപ്പാലം- ആലുവ റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് നടത്തിയിരുന്ന സർവീസ് സാധാരണ നിലയിലായി.

Advertisement
Advertisement