പനിയിൽ പകച്ച് പ്രമാടം

Wednesday 22 June 2022 12:57 AM IST

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിത വ്യാപനം ആശങ്കകൾക്ക് കാ‌രണമായിട്ടുണ്ട്. പനിയ്‌ക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസതടസവുമുണ്ട്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ തുടരുകയാണ്.

കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പനിയ്‌ക്കൊപ്പമുള്ള ചുമയും ശ്വാസ തടസവും ആശങ്ക ഉയർത്തുന്നുണ്ട്. ശ്വാസതടസം കാരണം ഭൂരിഭാഗം ആളുകൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്.

കുട്ടികൾക്ക് പനി

പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് കൂട്ടത്തോടെ പനി സ്ഥിരീകരിച്ചത് അദ്ധ്യായനത്തെ ബാധിച്ചിട്ടുണ്ട്. പനിയുള്ള കുട്ടികൾ വീടുകളിൽ വിശ്രമിക്കാൻ സ്കൂൾ അധികൃർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആശങ്കവേണ്ട : ആരോഗ്യവകുപ്പ്

കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇപ്പോഴത്തെ പകർച്ചപ്പനിക്ക് കാരണം. രാത്രിയിലെ തണപ്പും പകൽസമയത്തെ കനത്ത ചൂടും ഇടയ്ക്കിടെയുള്ള മഴയും മനുഷ്യരുടെ പ്രതിരോധ ശേഷിയിൽ ഏ​റ്റക്കുറച്ചിൽ ഉണ്ടാക്കി. ഇതാണ് പനി പടർന്ന് പിടിക്കാൻ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനിയ്ക്ക് പുറമെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ആരും സ്വയം ചികിത്സാരീതി തെരഞ്ഞെടുക്കരുത്.

Advertisement
Advertisement